തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ നിരക്ക്വർധന വരുത്തിയ ശേഷമുള്ള മാസങ്ങളിൽ ബി.എസ്.എൻ.എൽ വരിക്കാരിൽ വർധന. ഒരു വരിക്കാരൻ നഷ്ടപ്പെടുമ്പോൾ മൂന്നുപേർ പുതുതായി എത്തുന്നുവെന്നതാണ് നിലവിലെ ചിത്രം. ജൂലൈയിൽ മാത്രം 1.35 ലക്ഷം ഉപഭോക്താക്കളാണ് ബി.എസ്.എൻ.എല്ലിലേക്കെത്തിയത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ മറ്റ് കണക്ഷനുകൾ ഒഴിവാക്കി പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് എത്തിയത് 1.7 ലക്ഷം പേരാണെന്ന് കേരള സർക്കിൾ സി.ജി.എം സുനിൽകുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ദേശീയതലത്തിൽ ഇക്കാലയളവിൽ 29 ലക്ഷം പേരെയാണ് പുതിയ വരിക്കാരായി ലഭിച്ചത്.
2025 മാർച്ചോടെ കേരള സർക്കിളിലെ 7500 ടവറുകൾ പൂർണമായും 4ജിയിലേക്ക് മാറും. 2500 ടവറുകൾ ഇതിനോടകം 4ജിയിലേക്ക് മാറ്റി. മറ്റ് നെറ്റ്വർക്കുകളൊന്നുമില്ലാത്ത അട്ടപ്പാടിയും വയനാടുമടക്കം ആദിവാസി മേഖലകൾ ഉൾപ്പെടുന്ന 315 സ്പോട്ടുകളിൽ ബി.എസ്.എൻ.എൽ സ്വന്തം ടവറുകൾ സ്ഥാപിച്ച് 4ജി എത്തിക്കും. 312 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. അഞ്ചുവർഷം തുടർച്ചയായി ബി.എസ്.എൻ.എൽ നഷ്ടത്തിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2023-24) ലാഭത്തിലായത്. 2023-24 കാലയളവിലെ ലാഭം 63 കോടിയാണ്.ഇക്കാലയളവിലെ ആകെ ലാഭം 1859 കോടിയാണ്.