ബെംഗളൂരു: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റേത് തന്നെ. ഡിഎൻഎ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഡിഎൻഎ ഫലം വന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികള്‍ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.
കർണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. കാർവാർ എംഎല്‍എ സതീഷ് സെയില്‍ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി കിട്ടിയാല്‍ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈല്‍ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.
ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസില്‍ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.



