ചെങ്ങമനാട്: ഇലട്രിസിറ്റി താൽക്കാലികമായി കട്ട് ചെയ്തതിനെ തുടർന്ന് കാഞ്ഞൂർ കാലടി പഞ്ചായത്തുകളിൽ കൃഷിക്കും , കുടിവെള്ളത്തിനും ആശ്രയിക്കുന്ന പ്രധാന ഇറിഗേഷൻ സ്കീമുകളായ തിരുവലംചുഴി, കാഞ്ഞൂർ – ഇടനാട്, ആവണം കോട് ഇറിഗേഷൻ സ്ക്കീമുകൾ നിശ്ചലമായി. ഇതേത്തുടർന്ന് കാർഷിക മേഖലയിലെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ എട്ട് വർഷമായി വൈദ്യുതിബിൽ കൃത്യമായി ഇറിഗേഷൻ വകുപ്പ് അടക്കുന്നുണ്ടങ്കിലും അതിനു മുൻപുള്ള 4.5 കോടി രൂപയുടെ കുടിശ്ശിഖയുടെ പേരിലാണ് വൈദ്യുതി വകുപ്പ് ഇറിഗേഷൻ പമ്പുകളുടെ ഇലട്രിസിറ്റി വിച്ഛേദിച്ചിരിക്കുന്നത്. ഇക്കാര്യം പബ്ലിക്ക് എക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണയിൽ പെടുന്നതും തീരുമാനമാകാത്തതുമാണ്.
എട്ടുവർഷം മുമ്പുള്ള കുടിശ്ശിഖയുടെ പേരിൽ 500ഏക്കർ വരുന്ന കൃഷിയും കുടിവെള്ളവും തകരാറിലാക്കി ഇറിഗേഷന്റെ പ്രവർത്തനം നിശ്ചലമാക്കുന്നത് പ്രതിഷേധാർഹമാണന്ന് കേരള കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റി ആരോപിച്ചു.
അടിയന്തിരമായി വൈദ്യുതി കണക്ഷൻ നൽകാൻ സ്ഥലം എം.എൽ.എമാർ ഇടപെടണമെന്ന ആവശ്യം കർഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
പ്രശ്നം പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചില്ലങ്കിൽ ശക്തമായ സമര പരിപാടികൾ ആവിഷ് ക്കരിക്കുമെന്ന് കർഷക സംഘം നേതാക്കളായ പി.അശോകൻ , എം.എൽ ചുമ്മാർ എന്നിവർ അറിയിച്ചു.