മൈനാഗപ്പള്ളിയിലെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്ന ലേണേഴ്സ് അക്കാഡമിയുടെ സ്ഥാപകനും , പ്രിൻസിപ്പാളും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന കടപ്പാ മൈനാഗപ്പള്ളി മീനത്തേതിൽ വീട്ടിൽ ശ്രീ. അരവിന്ദാക്ഷൻപിള്ള (73) അന്തരിച്ചു.
മൈനാഗപ്പള്ളിയിലെ സാമൂഹിക, സാംസ്കാരിക, ശാസ്ത്ര, രാഷ്ട്രീയ, സഹകരണ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു. എസ്സ്. എഫ്. ഐ യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തുകയും , സി.പി.എം ലോക്കൽ സെക്രട്ടറി, മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകൻ ഭാരവാഹി , ഈ. എം. എസ്സ്. സാംസ്കാരിക സമിതി ഭാരവാഹി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ലേണേഴ്സ് അക്കാഡമി എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം നൽകിയ അക്ഷര വെളിച്ചം പലർക്കും ഇന്നും ജീവിതത്തിൻ്റെ വഴിവിളക്കാണ്. ശിഷ്യഗണങ്ങൾ ഇന്നും ആദരവോടെ നോക്കി കാണുന്ന അധ്യാപകൻ എന്നതിലുപരി ഈ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സ്ഥാനം നിലനിർത്തിയിരുന്ന സ്ഥാപനത്തിൻ്റെ അമരക്കാരനും പലർക്കും വഴി കാട്ടിയുമായിരുന്നു. സി.പി.എം. ബന്ധം ഉപേക്ഷിച്ച് രാഷ്ട്രിയ വനവാസത്തിലായിരുന്നു കുറേക്കാലം എങ്കിലും പിൽക്കാലത്ത് ബി.ജെ.പി യുടെ മൈനാഗപ്പള്ളി പടിഞ്ഞാറ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായും, കർഷക മോർച്ച മണ്ഡലം സെക്രട്ടറിയായും രാഷ്ട്രിയ രംഗത്ത് സജീവമായി.
ഭൗതിക ശരീരം ഒരു നോക്കു കാണുവാനും ആദരാഞ്ജലി അർപ്പിക്കാനും ജീവിതത്തിൻെറ വിവിധ തുറകളിലുള്ള ശിഷ്യഗണങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും എത്തിച്ചേർന്നു.
ഭാർഗ്ഗവി അമ്മ ഭാര്യയും, അക്ഷരാ അരവിന്ദ്, അഖിൽ ഘോഷ് മക്കളും വിനുകുമാർ, ചാന്ദിനി അഖിൽ മരുമക്കളുമാണ്.