കൊൽക്കത്ത: കൊൽക്കത്തയുടെ 150 വർഷം പഴക്കമുള്ള ട്രാം സർവീസ് നിർത്തലാക്കാൻ ബംഗാൾ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി സ്നേഹസിസ് ചക്രവർത്തി. ഒറ്റ സ്‌ട്രെച്ചില്‍ മാത്രമായിരിക്കും ഇനി ട്രാം സര്‍വീസ് നടത്തുകയെന്നും മറ്റുള്ള സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രാമുകൾ ഇപ്പോഴും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക നഗരമാണ് കൊൽക്കത്ത. തീരുമാനത്തിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ട്രാം പ്രേമികൾ.
1873 ൽ ആദ്യമായി കുതിരവണ്ടികളായി അവതരിപ്പിച്ചതും ഇപ്പോൾ കൊൽക്കത്തയുടെ പൈതൃകത്തിന്റെ ഭാഗമായതുമായ ട്രാമുകൾ നഗരത്തിന്റെ നിലവിലെ ട്രാഫിക് സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ‘‘ട്രാമുകൾ കൊൽക്കത്തയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് നിസംശയം പറയാം. മുൻ നൂറ്റാണ്ടിൽ ഗതാഗതത്തിൽ നിർണായക പങ്ക് വഹിച്ചത് ട്രാമുകളാണ്. നഗരത്തിലെ വർധിച്ചുവരുന്ന വാഹന ഗതാഗതവും പരിമിതമായ റോഡിന്റെ സ്ഥലവും ട്രാമുകളുടെ പ്രവർത്തനം തുടരുന്നത് ബുദ്ധിമുട്ടാക്കുന്നു’’ – ഗതാഗത മന്ത്രി പറഞ്ഞു.
കൊല്‍ക്കത്തയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് ട്രാം സര്‍വീസുകള്‍. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊല്‍ക്കത്തയിലെ കൗതുക കാഴ്ചയാണ്. മൈതാന്‍ – എസ്പ്ലനേഡ് സര്‍വീസ് മാത്രമായിരിക്കും നിലനിര്‍ത്തുക. കൊല്‍ക്കത്തയില്‍ ട്രാം സര്‍വീസുകള്‍ പുനസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
നഗരത്തിലെ പല റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ട്രാം സര്‍വീസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കയ്യേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതി വര്‍ധിപ്പിക്കാമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ നഗരത്തില്‍ ട്രാമുകളുടെ വേഗം 20-30 കിലോമീറ്റാണ്. ഇത് നഗരത്തിലെ ശരാശരി വാഹനങ്ങളുടെ വേഗമാണെന്നും നേതാക്കള്‍ പറയുന്നു.



