ബംഗളൂരു: ഷിരൂരില്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും.ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു.
ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും.
ഫലം ലഭ്യമാകാന്‍ അഞ്ച് ദിവസത്തോളം സമയം എടുക്കും. മനുഷ്യന്റെതാണോ അതോ മൃഗങ്ങളുടെ അസ്ഥിയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതും ലാബിലെ പരിശോധന ഫലം വന്ന ശേഷം മാത്രമാകും. നേരത്തെ തന്നെ കാണാതായ ആളുകളുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നത്തെ ദൗത്യത്തിന് ഉത്തര കന്നഡ എസ്പി നാരായണ നേതൃത്വം നല്‍കും.
ഈശ്വര്‍ മാല്‍പേയുടെ സേവനം തുടര്‍ന്നും ലഭ്യമാക്കണമെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് കാര്‍വാര്‍ എംഎല്‍എയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഈശ്വര്‍ മാല്‍പെ തിരച്ചില്‍ അവസാനിപ്പിച്ച് പോയിരുന്നു. ഭരണകൂടവുമായി എപ്പോഴും അടിയുണ്ടാക്കാന്‍ സാധിക്കില്ലെന്നും കേരളക്കാരോട് മാപ്പ് ചോദിക്കുന്നുവെന്നും ഈശ്വര്‍ മാല്‍പെ പ്രതികരിച്ചു.



