Tuesday, December 23, 2025
No menu items!
Homeവാർത്തകൾപഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും: മന്ത്രി പി. പ്രസാദ്

പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും: മന്ത്രി പി. പ്രസാദ്

പഴവർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയെന്നും ഈവർഷം സംസ്ഥാനം 200 ക്ലസ്റ്ററുകളിലേക്ക് എത്തുമെന്നും കൃഷി, മണ്ണു പര്യവേക്ഷണ- മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റ ചടങ്ങ് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പഴവർഗകൃഷിയുടെ 200 ക്ലസ്റ്ററുകളിലൊന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അനുവദിക്കുമെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഫലസമൃദ്ധി പദ്ധതി അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. പഴവർഗങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ലാഭകരമായി നടപ്പാക്കാൻ പറ്റിയ കൃഷിയാണിത്. മണ്ണറിഞ്ഞും നാടറിഞ്ഞും കാലവസ്ഥയറിഞ്ഞും ലാഭകരമായ കൃഷി നടത്താനുള്ള ആസൂത്രമാണ് വേണ്ടത്. കൃഷിയുടെ ആസൂത്രണം നടക്കേണ്ടത് കൃഷിയിടങ്ങളിലാണ്. കർഷകന്റെ സംരക്ഷണം സമൂഹത്തിന്റെയും സർക്കാരുകളുടെയും ഉത്തരവാദിത്തമായി മാറണം. കർഷകന് അന്തസാർന്ന ജീവിതം നയിക്കാനായാൽ മാത്രമേ കൃഷിയിൽ നിലനിൽക്കാനാവൂയെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനമാണ് കാർഷികമേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കാലാവസ്ഥ വ്യതിയാനം കെട്ടുകഥയാണെന്ന മട്ടിലുള്ള പ്രചാരണങ്ങളാണ് നടന്നിട്ടുള്ളത്്. എന്നാൽ ഇന്നതു നമ്മുടെ മുന്നിലുള്ള യാഥാർഥ്യമാണ്. ചെറിയ സമയത്തിനുള്ളിൽ കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റങ്ങൾ പഴയ തലമുറയുടെ പോലും ഓർമയിൽ ഇല്ലാത്ത കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 6, 7, 8, 9, 13, 14, 15 വാർഡുകളിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിന്റെ ഏതാനും ഭാഗങ്ങളിലുമായി 542 ഹെക്ടർ സ്ഥലത്താണ് ചെറുമല- പാലയ്ക്കാത്തടം നീർത്തട പദ്ധതി പൂർത്തീകരിച്ചത്. 145.87 ലക്ഷം രൂപയുടെ ആസ്തി നിർമാണത്തിനൊപ്പം തദ്ദേശീയർക്കായി തൊഴിൽദിനങ്ങളും സൃഷ്ടിച്ചു. ഇനി ആസ്തിയുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിനാണ്. ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആസ്തി കൈമാറ്റരേഖ മന്ത്രി പി. പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.ജെ. മോഹനൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ. സിയാദ്, ടി. രാജൻ, ജിജി ഫിലിപ്പ് , ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് മാത്യൂ കോക്കാട്ട്, വിജയമ്മ വിജയലാൽ, അന്നമ്മ വർഗീസ്, കെ.യു. അലിയാർ, സുമീന അലിയാർ, ജോസീന അന്ന ജോസ്, ആന്റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,ഷാലിമ്മ ജെയിംസ്, ബീന ജോസഫ്, കെ.പി. സുജീലൻ, മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡി. ആനന്ദബോസ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ബിന്ദു, മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ഭാസ്‌കർ, പാറത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി കൺവീനർ പി.ഡി. രാധാകൃഷ്ണൻ, ജില്ലാ മണ്ണ്് സംരക്ഷണ ഓഫീസർ ഡോ. അനു മേരി സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനത്തിനു മുന്നോടിയായി മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളജിലെ എൻ.എസ്.എസ്. അംഗങ്ങൾ അവതരിപ്പിച്ച സ്‌കിറ്റും അരങ്ങേറി. ഉദ്ഘാടനത്തിനുശേഷം സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം കർഷകർക്കായി ഏകദിന പരിശീലനപരിപാടിയും സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments