ചവറ: കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിന് മുന്നിലെ തൂക്കുവിളക്ക് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ ചവറ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കല്ലേലി ഭാഗം മാളിയേക്കൽ ജങ്ഷനിൽ പുലിത്തറ വടക്കതിൽ അനിൽകുമാർ (55) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ടു മണിയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്ന വിവരം പൊലീസിനെ ഭാരവാഹികൾ അറിയിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച പൊലീസ് ഡോഗ്സ്കോഡിന്റെ സഹായത്തോടെ ദ്രുതഗതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്. മോഷണ സാധനങ്ങളുമായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയ പ്രതി അടുത്തുള്ള ആക്രിക്കടയിൽ കൊണ്ടുപോയി വിൽപന നടത്താൻ ശ്രമിക്കുന്നതിനു ഇടയിലാണ് പിടിയിലായത്.
ചവറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആര്‍. ബിജു സബ് ഇൻസ്പെക്ടർ അനീഷ് ,എസ്.സി.പി.ഒ രഞ്ജിത്ത്, അനിൽ, മനീഷ്, സിപിഒ സുജിത്ത് വൈശാഖൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.