കൊച്ചി: കേരള ട്രാവൽ മാർട്ട് 2024 ഈ മാസം 26 മുതൽ 29 വരെ കൊച്ചിയിൽ നടക്കും. 26 ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥി ആയിരിക്കും.
27 മുതൽ 29 വരെ വെല്ലിംഗ്ടൺ ഐലൻ്റിലെ സാമുദ്രിക കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ട്രാവൽ മാർട്ട് ഏറ്റവും കൂടുതൽ ബയർ രജിസ്ട്രേഷനുള്ള മേളയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതേ വരെ ബയർ രജിസ്ട്രേഷൻ 2800 കടന്നു.
76 രാജ്യങ്ങളിൽ നിന്നായി ഇത് വരെ 808 വിദേശ ബയർമാരാണ് ട്രാവൽ മാർട്ട് 2024 ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെഡിംഗ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ സംസ്ഥാനത്തിന് കൂടുതൽ പ്രാധാന്യം കേരള ട്രാവൽ മാർട്ടിൽ ഉണ്ടാകും. ഈ മാസം 22 മുതൽ 26 വരെ പ്രീ മാർട്ട് ടൂറും നടക്കും.



