ആലപ്പുഴ: ജില്ലയിലെ കരളകം പ്രദേശത്ത് ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്ത് അടിഞ്ഞ് കൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള രൂക്ഷഗന്ധവും അഴുക്ക് ജലവും വല്ലാതെ വർധിക്കുകയാണ്. ഇപ്പോഴും ഈ പ്രദേശത്ത് പല കുടുംബങ്ങളും വെള്ളക്കെട്ടിലാണ് താമസിക്കുന്നത്. മാലിന്യങ്ങളിൽ നിന്നും അഴുകിയ വെള്ളക്കെട്ടിലും കൊതുക് അതിവേഗം വളർന്ന് ജനങ്ങളിൽ രോഗങ്ങൾ പരത്തുകയാണ്.
കൊതുക് ശല്യവും മലിനജലവും നിയന്ത്രിക്കാൻ വേണ്ട നടപടികൾ സർക്കാർ തലത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ശുദ്ധീകരണവും ആരോഗ്യപരിപാലനവും നടത്താൻ നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലന്ന പരാതി നാട്ടുകാർക്കുണ്ട്. കഴിഞ്ഞ 14 ന് ഡെങ്കിപ്പനി ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ വൈകുന്തോറും ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും വർദ്ധിപ്പിച്ച് ജനങ്ങൾ അവശതയിൽ ആകുമെന്ന് നാട്ടുകാർ പറയുന്നു.