എരുമേലി: ശബരിമല തീർഥാടനകാലത്ത് എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബി.എം.ബി.സി. നിലവാരത്തിൽ നിർമാണം പൂർത്തിയായ എരുമേലി ബൈപ്പാസ് റോഡ് ബുധനാഴ്ച മൂന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എരുമേലി കെ.എസ്.ആർ.ടി.സി ജങ്ഷന് സമീപം നടക്കുന്ന സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആന്റോ ആൻ്റണി എം.പി. പ്രഭാഷണം നടത്തും.
കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൂഴിയിൽനിന്ന് റാന്നി റോഡിലെ കരിമ്പിൻതോട് ജങ്ഷനിൽ സംഗമിക്കുന്ന ബൈപ്പാസ് റോഡ് എരുമേലി ധർമശാസ്താക്ഷേത്രത്തിന് പിന്നിലൂടെയാണ് കടന്നുപോകുന്നത്. നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശത്തിന് സമീപത്തുകൂടെയാണ് റോഡ്. 6.600 കി.മീ. ദൂരമുള്ള റോഡ് അഞ്ചുകോടി രൂപ ചെലവിലാണ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ചത്.