ഓണഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിന്റെ സമയം ഒരു മണിക്കൂർ വർധിപ്പിച്ചതായും ദേവസ്വം ഭരണ സമിതി അറിയിച്ചു. തിരുവോണ ആഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുല സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകൾക്കായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ക്ഷേത്രം.
തിരുവോണ ദിനമായ ഞായറാഴ്ച പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ച ശീവേലി മേളവും ഉണ്ടാകുന്നതാണ്. അന്ന് പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കുന്നത്. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കുന്നത്. തുടർന്ന്, ഉഷപൂജവരെ ദേവസ്വം അംഗങ്ങൾ അടക്കം ഓണപ്പുടവ സമർപ്പിക്കും. പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ടും തിരുവോണദിനത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചക്ക് രണ്ട് മണിക്ക് അവസാനിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമായാണ് ഓണ സദ്യ ഒരുക്കുന്നത്.
രാവിലെ കാഴ്ചശീവേലിക്ക് രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക് വിഷ്ണു,വിനായകൻ, പീതാംബരൻ തുടങ്ങിയ ദേവസ്വം കൊമ്പന്മാരാണ് കോലമേറ്റുന്നത്. രാവിലെയുള്ള ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരുമാണ് മേള പ്രമാണം വഹിക്കുന്നത്.
ഓണനാളുകളിൽ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 22 ഞായറാഴ്ച വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബർ 14, 15, 16, 17, 21, 22 എന്നീ തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി / സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടാകുന്നതാണെന്നും അറിയിച്ചു. ഈ വർഷത്തെ തിരുവോണാഘോഷത്തിനായി 21,96000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണ സമിതി അംഗീകാരം നൽകിയിട്ടുണ്ട്.