ഇംഫാല്‍: സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മണിപ്പൂര്‍ ഗവര്‍ണര്‍ ലക്ഷ്മണ്‍ ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. ഗുവാഹത്തിയിലേക്ക് നീങ്ങിയതായിയാണ് വിവരം. സംസ്ഥാനത്ത് ഗവര്‍ണറുടെ കൂടി സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് നീക്കം. ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ രാജ് ഭവന്‍ നിഷേധിച്ചു. ഗവര്‍ണര്‍ക്ക് ആസാമിന്റെ കൂടി ചുമതല ഉണ്ടെന്നും അതിനാല്‍ ഗുവാഹത്തിയിലേക്ക് പോയതായിയാണ് രാജ്ഭവന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം വലിയ രീതിയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സുരക്ഷ ജീവനക്കാരടക്കം കഴിഞ്ഞ ദിവസത്തെ മാര്‍ച്ചില്‍ 55 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ പിജി മണിപ്പൂര്‍, യു ജി പരീക്ഷകള് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരുന്നു. 33 പേരാണ് ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായത്.