ന്യൂഡല്‍ഹി: 1000 കോടി വരുമാനം സ്വന്തമാക്കി ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍. 2023 – 2024 വര്‍ഷത്തെ സ്റ്റേഷന്‍ യാത്രാ – വരുമാന കണക്കുകളില്‍ നിന്നാണ് 1000 കോടി ക്ലബില്‍ ഇടം നേടിയ റെയില്‍വേ സ്റ്റേഷനുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
വരുമാനത്തില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഒന്നാമത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പ്രതിവര്‍ഷ വരുമാനം 3337 കോടി രൂപയാണ്. 1692 കോടി രൂപ സ്വന്തമാക്കി ഹൗറ സ്റ്റേഷന്‍ തൊട്ടുപിന്നിലുണ്ട്. ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ദിവസം ലക്ഷക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ വരുമാനം 1299 കോടി രൂപയാണ്.
യാത്രക്കാരുടെ എണ്ണത്തില്‍ മുബൈയിലെ താനെ റെയില്‍വേ സ്റ്റേഷനാണ് മുന്നില്‍. വര്‍ഷം 93.06 കോടി യാത്രക്കാരാണ് താനെ റെയില്‍വേ സ്റ്റേഷന്‍ ഈ കാലയളവില്‍ ഉപയോഗിച്ചത്. മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിച്ചത് 83.79 കോടി യാത്രക്കാരും ന്യൂഡല്‍ഹി വഴി പോയത് 39.36 യാത്രക്കാരുമാണ്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനാണ് വരുമാനത്തില്‍ കേരളത്തില്‍ മുന്‍പില്‍ ഉള്ളത്. 281.12 കോടിയാണ് വരുമാനം. എറണാകുളം ജങ്ഷന്‍ 87.96 ലക്ഷം, കോഴിക്കോട് 1.14 കോടി, തൃശൂര്‍ 69.35 ലക്ഷം, എറണാകുളം ടൗണ്‍ 50.13 ലക്ഷം, കണ്ണൂര്‍ 72.11 ലക്ഷം, പാലക്കാട് ജങ്ഷന്‍ 47.61 ലക്ഷം, മംഗളൂരു സെന്‍ട്രല്‍ 49.54 ലക്ഷം, കൊല്ലം 82.75 ലക്ഷം എന്നിങ്ങനെയാണ് കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ വരുമാനം. ഈ എട്ട് റെയില്‍വേ സ്റ്റേഷനുകളിലെ വരുമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.