വയനാട്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വയനാട് ചൂരൽമല ഉരുൾ പൊട്ടലിലെ അതിജീവിത ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് അത്യാസന്ന നിലയിൽ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകിട്ട് 9 ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.
കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രുതിയും പ്രതിശ്രുത വരൻ അമ്പലവയല്‍ സ്വദേശി ജെൻസണുമുള്‍പ്പെടെ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു
ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാൻ വെട്ടിപൊളിച്ചാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.
തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെൻസണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. കാലിനു പരിക്കേറ്റ ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉരുള്‍പൊട്ടലില്‍ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തം തനിച്ചാക്കിയ ശ്രുതിക്ക് താങ്ങേകി ഒപ്പമുണ്ടായിരുന്നത് ജെൻസണായിരുന്നു. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.
ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്‍റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹം ഡിസംബറില്‍ ആണ് നേരത്തേ തീരുമാനിച്ചിരുന്നത്.