Monday, July 7, 2025
No menu items!
Homeവാർത്തകൾറേഷന്‍ സംവിധാനത്തിന്റെ ആധുനികവത്ക്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു: മന്ത്രി ജി.ആര്‍ അനില്‍

റേഷന്‍ സംവിധാനത്തിന്റെ ആധുനികവത്ക്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു: മന്ത്രി ജി.ആര്‍ അനില്‍

മലപ്പുറം: ഇന്ത്യക്കാകെ മാതൃകയാണ് സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായമെന്നും റേഷന്‍ കടകളുടെ ആധുനികവത്കരണത്തിന് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് തന്നെ 100 ശതമാനവും ആധാറുമായി ബന്ധിച്ച പൊതുവിതരണ സമ്പ്രദായം കേരളത്തിലേത് മാത്രമാണ്. റേഷന്‍ കടകള്‍ വഴി ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെയും എം.എസ്.എം.ഇകളുടെയും ഉത്പന്നങ്ങളും പാചകവാതകം ഉള്‍പ്പെടെ റേഷന്‍ കടകളില്‍ ലഭ്യമാവണം. മിനി കോമണ്‍ സര്‍വീസ് സെന്ററായി ഇവ മാറണം. ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ കെ- സ്റ്റോറുകളുടെ എണ്ണം ആയിരം കവിഞ്ഞതായി മന്ത്രി പറഞ്ഞു.

വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കുന്നതിന് വലിയ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ ഓണത്തിന് പൊതുവിതരണ ഔട്ട്‌ലെറ്റുകളില്‍ എല്ലാ അവശ്യവസ്തുക്കളും എത്തിച്ചിട്ടുണ്ട്. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കടകള്‍ വഴി 10 കിലോ അരി കുറഞ്ഞ നിരക്കില്‍ നല്‍കും. സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി നല്‍കും.

യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ ഷരീഫ് പി.കെ., റേഷനിങ് കണ്‍ട്രോളര്‍ കെ. അജിത് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഇ.എന്‍ മോഹന്‍ദാസ്, ഇ. സൈതലവി, പി. മുഹമ്മദലി, കെ.പി രാമനാഥന്‍, ഉണ്ണിരാജ, പി.എച്ച്. ഫൈസല്‍, വ്യാപാരി സംഘടനാ നേതാക്കളായ കാടാമ്പുഴ മൂസ, എം. മണി, എം. ഉമ്മര്‍, കബീര്‍ അമ്പാലത്ത്, വി.കെ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments