ചെങ്ങമനാട്: ചാവറ കള്‍ചറല്‍ സെന്‍ട്രലിന്റേയും ടി.എം. ചുമ്മാര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി. എം. ചുമ്മാര്‍ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷന്‍ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. അനില്‍ ഫിലിപ്പ്, പ്രൊഫ. എം. തോമസ് മാത്യു, സിപ്പി പള്ളിപ്പുറം, വി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ നിപുണന്‍ ടി.എം. ചുമ്മാര്‍ മെമ്മോറിയല്‍ ഭാഷാമിത്ര പുരസ്‌ക്കാരം ബഹുമുഖ പ്രതിഭയുമായ ജോഷി ജോര്‍ജിന് മുന്‍ എം. പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ചു.
അച്ചടിദൃശ്യമാധ്യമങ്ങളില്‍ നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും മനഃശക്തി പരിശീലകനുമായ ബഹുമുഖപ്രതിഭയാണ് ജോഷി എന്ന് ചുമ്മാര്‍ മെമ്മോറിയല്‍ ഭാഷാമിത്ര പുരസ്‌ക്കാര ജൂറി അംഗങ്ങള്‍ വിലയിരുത്തി. ജോഷി കാര്‍ട്ടൂണിസ്റ്റും സബ് എഡിറ്ററായും ആണ് കേരള ടൈംസില്‍ തുടക്കം കുറിച്ചത്. സജീവമായി എഴുത്തിലേക്ക് കടന്നത് ആ കാലഘട്ടത്തിലാണ്. പിന്നീട് സത്യനാദം പത്രാധിപരായി.
2000മാണ്ടോടെ കേരള ടൈംസും സത്യനാദവും അടച്ചുപൂട്ടി. പിന്നീട് ഏഷ്യനെറ്റ് കേബിള്‍ വിഷനില്‍ ജീവന്‍ ടിവിയിലും വിഷ്വല്‍ കാര്‍ട്ടൂണ്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്നു. മോഹന്‍ലാല്‍, ബ്രൂസ്ലി, കമല്‍ഹാസന്‍, ഹെലന്‍ കെല്ലര്‍ തുടങ്ങിയവരുടെ ജീവിതകഥ ഉള്‍പ്പെടെ 13 പുസ്തകങ്ങള്‍ പുറത്തിറങ്ങി.
മികച്ച പത്രപ്രവര്‍ത്തകനുള്ള 2002 കെ.ടി. തര്യന്‍ സ്മാരക വാര്‍ത്താ അവാര്‍ഡ്, 2003ലെ ഫിലിം സാറ്റി അവാര്‍ഡ്, വിജയിക്കാന്‍ മനസ്സുമാത്രം മതി എന്ന പുസ്തകത്തിന് 2013 ലെ നവരസം സംഗീത സഭ അവാര്‍ഡ്, സക്‌സസ് പിരമിഡ് എന്ന പുസ്തകത്തിന് 2019ല്‍ മുണ്ടശേരി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനഃശക്തി പരിശീലകനായ ഡോ. പി.പി. വിജയന്റെ കീഴില്‍ മനഃശക്തി പരിശീലനം നേടി. തുടര്‍ന്ന് 2008ല്‍ ആരോഗ്യകരമായൊരു ജീവിതവും സന്തോഷകരമായൊരു കുടുംബവും സൗഹൃദത്തിലൂടെ വിജയവും കെട്ടിപ്പടുക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന സക്‌സസ് പിരമിഡ് എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇപ്പോള്‍ മനഃശക്തി പരിശീലന പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നതോടൊപ്പം മലയാളത്തിലെ പ്രഥമ ഫിനാന്‍ഷ്യല്‍ ടിവി ചാനലായ മൈഫിന് വേണ്ടി ടേണിംഗ് സ്‌പോട്ട് എന്നൊരു ടിവി പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.