ചെങ്ങമനാട്: മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ചേന, ചേമ്പ്, കൂർക്ക, കപ്പ, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇക്കോ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ബർളി വർഗീസ്, രജിത ജോബി എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ക്യാമ്പിനോട് അനുബന്ധിച്ചാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ഫാ. ജോസ് ഒഴലക്കാട്ട് ഉദ്ഘാടനം ചെയ്ത ക്യാമ്പ് മൂന്നു ദിവസങ്ങളിൽ ആയാണ് നടത്തപ്പെട്ടത്. ക്യാമ്പ് പ്രവർത്തനങ്ങളിൽ ഉണ്ടായ ടെന്റ് നിർമ്മാണം, വ്യവസായശാല സന്ദർശനം, പ്രകൃതി പഠനയാത്ര, സ്വയം പാചകം ചെയ്യൽ, പാത്രമില്ലാത്ത പാചകം, ക്യാമ്പ് ഫയർ, ജീവൻ രക്ഷാ പരിശീലനങ്ങൾ എന്നിവ കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവം നൽകി.
ത്രിദിന സഹവാസ ക്യാമ്പിലെ മികച്ച പട്രോൾ ആയി സ്കൗട്ട് വിഭാഗത്തിൽ നിന്നും ലയൺ പട്രോളും ഗൈഡ് വിഭാഗത്തിൽനിന്ന് ജാസ്മിൻ പട്രോളും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ക്യാമ്പർ ആയി സ്കൗട്ട് വിഭാഗത്തിൽ നിന്നും പോൾ ആന്റണി ഗൈഡ് വിഭാഗത്തിൽ നിന്നും ടെസ്സ ടിനു എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി എം പി, സ്കൗട്ട് ഗൈഡ് ഗ്രൂപ്പ് കമ്മിറ്റി പ്രസിഡന്റ് ബിജു റാഫെൽ, സീനിയർ അസിസ്റ്റന്റ് ഷിജു ആന്റണി, സ്കൗട്ട് മാസ്റ്റർ സനിൽ പി തോമസ്, ഗൈഡ് ക്യാപ്റ്റൻ റിയാമോൾ ജോൺ, കൈരളി റോവർ ജോഫിൻ ബിജു എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.