മലയിന്‍കീഴ്: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതുതായി നിര്‍മ്മിച്ച മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ഭൂമി പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ ആധാരരജിസ്‌ട്രേഷന്‍ നടക്കുന്ന ദിവസം തന്നെ പട്ടയവും വസ്തുവിന്റെ ഡിജിറ്റല്‍ പ്ലാനും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാട്ടാക്കട നിയോജകമണ്ഡലം എം.എല്‍.എ ഐ.ബി.സതീഷ് അധ്യക്ഷനായി.
രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി. ശ്രീധന്യ സുരേഷ്, നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, വാര്‍ഡ് അംഗം കെ.വാസുദേവന്‍നായര്‍, സബ് രജിസ്ട്രാര്‍ മുഹമ്മദ് ഹുസൈന്‍, ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.സി.എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ആധാരമെഴുത്തുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



