മലയിന്‍കീഴ്: വര്‍ണ്ണ വസന്തമൊരുക്കി നേമം ബ്ലോക്ക് പഞ്ചായത്തില്‍ ചൈത്രോല്സവത്തിന് തുടക്കമായി. പുഷ്പകൃഷിയുടെ ബ്ലോക്കുതല വിളവെടുപ്പുല്‍സവം മന്ത്രി ജി.ആര്.അനില്‍ ഉദ്ഘാടനം ചെയ്തു.
വിളപ്പില്‍ശാല ശാന്തിനികേതന്‍ വിദ്യാലയത്തിന് സമീപത്തെ നാലേക്കര്‍ കൃഷിയിടത്തിലെ ചെണ്ടുമല്ലി പൂക്കള്‍ വിളവെടുത്തുകൊണ്ടായിരുന്നു ഉദ്ഘാടനം. നേമം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി വിവിധ സ്ഥലങ്ങളില്‍ 65-ഏക്കറോളം വരുന്ന ഭൂമിയിലാണ് ചുവപ്പും മഞ്ഞയും വെള്ളയും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ കൃഷിചെയ്തിരിക്കുന്നത്. അത്തപ്പൂക്കളമൊരുക്കാന്‍ സ്വന്തം പൂക്കള്‍ എന്ന ആശയമാണ് പുഷ്പകൃഷിയിലേയ്ക്ക് നയിച്ചതെന്ന് അധികൃതര്‍ പറയുന്നു.
പുഷ്പങ്ങള്‍ മാത്രമല്ല, ജൈവപച്ചക്കറിയുടെ കൃഷിയും ഇതോടൊപ്പം ചെയ്യുന്നുണ്ട്. പുഷ്പകൃഷിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ് നേമം ബ്ലോക്ക് പഞ്ചായത്ത്. വിളവെടുപ്പുത്സവ ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, വൈസ് പ്രസിഡന്റ് ഡി. ഷാജി, എല്‍.എസ്.ജി.ഡി അഡീഷണല്‍ ഡയറക്ടര്‍ പി.സി.ബാലഗോപാല്‍, കൃഷി ഓഫീസര്‍ എസ്.അനില്‍കുമാര്‍, സിജി സൂസന് വര്‍ഗീസ്, ജയദാസ്, അജയ് ഘോഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.