തിരുവനന്തപുരം: കെഎസ്ഇബിക്കു വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷൻ. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വർധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോർജ ഉൽപാദകർക്ക് യൂണിറ്റിന് 46 പൈസ അധികം ലഭിക്കും. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ നൽകിയ വൈദ്യതിക്കാണു നിരക്ക് ബാധകമാക്കിയിരിക്കുന്നത്.
വൈദ്യുതി മിച്ചം വിൽക്കുന്ന (എക്സ്പോർട്ട്) ഉപഭോക്താവിനു യൂണിറ്റിന് 2 രൂപ 69 പൈസ മാത്രമാണു കെഎസ്ഇബി നൽകുന്നത്. അധിക ഉപയോഗത്തിന് ഉപഭോക്താവ് വാങ്ങുന്ന (ഇംപോർട്ട്)വൈദ്യുതിക്കു കെഎസ്ഇബി സ്ലാബ് അനുസരിച്ച് പണം ഈടാക്കുന്നുമുണ്ട്. തത്വത്തിൽ ഗാർഹികഉപഭോക്താക്കൾക്കുള്ളസോളർ വൈദ്യുതി കച്ചവടം കെഎസ്ഇബിക്കു ഒരു തരത്തിലുംനഷ്ടമുണ്ടാക്കുന്നില്ല. 2.25 ലക്ഷം (3 കിലോവാട്ട്), 3.35 ലക്ഷം (5 കിലോവാട്ട്) മുതൽക്കാണ് പാനലും ഇൻവർട്ടറും ഇൻസ്റ്റലേഷനും അടക്കം സോളർ പ്ലാന്റുകൾക്കു ശരാശരി ചെലവു വരുന്നത്. ഇതിൽ 78,000 രൂപ വരെ സബ്സിഡി ഉണ്ട്. കെഎസ്ഇബി കണക്ഷൻ നൽകി മീറ്റർ ഘടിപ്പിച്ചാൽ മാത്രമേ ഈ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തൂ.
ആവശ്യക്കാർ കൂടുതലുള്ള 5 കിലോവാട്ട് പ്ലാന്റിൽ ചൂടുകാലത്തു പ്രതിദിനം 20 യൂണിറ്റു വരെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് കണക്ക്. ഒരു വീട്ടിൽ ഒന്നര ടണ്ണിന്റെ എസി അടക്കം 12, 13 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ തന്നെ 7,8 യൂണിറ്റ് മിച്ചം പിടിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്.