ചെറുതോണി: മലമുകളില്‍ ചന്ദനക്കാടിനുള്ളില്‍ ഊഞ്ചാംപാറ എന്ന ഗോത്രവർഗ ഗ്രാമം. അവിടെ അരയേക്കറില്‍, എണ്‍പതുകാരിയായ ലക്ഷ്മി മുളപ്പിച്ചത് അന്യംനിന്നുപോയ 40 ഇനം കിഴങ്ങുകള്‍. അതും പൂർണമായും ജൈവരീതിയില്‍. കാച്ചിലാണ് കൂടുതല്‍ ഉള്ളത്. മറയൂർ സാൻഡല്‍ ഡിവിഷനിലെ പരമ്പരാഗത കിഴങ്ങ് വർഗങ്ങളുടെ വീണ്ടെടുക്കല്‍ പദ്ധതിയായ ‘നറുംനൂറ്’ (ശുദ്ധമായ കിഴങ്ങ്) പദ്ധതിയുമായി ചേർന്നാണ് ലക്ഷ്മിയുടെ കൃഷി.
തോണിക്കാച്ചില്‍, കല്ലൻക്കാച്ചില്‍, സർപ്പക്കാച്ചില്‍, കടുവകൈയ്യാൻ കാച്ചില്‍, കവലകുത്തിക്കാച്ചില്‍, ഇറച്ചി ക്കാച്ചില്‍, മണിക്കാച്ചില്‍, പാല്‍ച്ചേമ്ബ്, ചെറുവള്ളിക്കിഴങ്ങ്, വെള്ളപൂവ, വയലറ്റ് കപ്പ, വെള്ളക്കപ്പ, ബിരിയാണിക്കപ്പ, കരിച്ചേമ്ബ്, എലിതിന്നാച്ചേമ്ബ്, ചെറുചേമ്ബ് തുടങ്ങിയവയാണ് ലക്ഷ്മി കൃഷിചെയ്യുന്നത്.
ലക്ഷ്മിയുടെ ഭർത്താവ് ചെല്ലപ്പൻ വനസംരക്ഷണ പ്രവർത്തകനായിരുന്നു. ചന്ദനക്കേസിലെ പ്രതികളെ പിടിക്കാൻ ഇരവികുളം ദേശീയോദ്യാനത്തില്‍ പോയപ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു. മറയൂർ സാൻഡല്‍ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി. വിനോദ് കുമാർ, റെയ്ഞ്ച് ഓഫീസർ അബ്ജു കെ.അരുണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.