Wednesday, July 9, 2025
No menu items!
Homeവാർത്തകൾഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിഘട്ട്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മിഷൻ...

ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിഘട്ട്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മിഷൻ ചെയ്യും

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിഘട്ട്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മിഷൻ ചെയ്യും. ഐഎൻഎസ് അരിഘട്ട്, ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ. വിശാഖപട്ടണത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ വച്ചാണ് രാജ്നാഥ് സിങ് അന്തർവാഹിനി കമ്മിഷൻ ചെയ്യുക. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, ഉന്നത ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും ഐഎൻഎസ് അരിഘട്ട് പ്രവർത്തിക്കുക.

അതീവ രഹസ്യമായിട്ടായിരുന്നു ഐഎൻഎസ് അരിഘട്ടിന്റെ നിർമാണം നടന്നത്. ആണവ മിസൈൽ അന്തർവാഹിനിയുടെ വിവരങ്ങളും പ്രതിരോധ മന്ത്രാലയം അധികം പുറത്തുവിട്ടിരുന്നില്ല. 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘട്ട്, ഇന്തോ – പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും. ആണവ ബാലിസ്റ്റിക് മിസൈലായ കെ-15 ആയിരിക്കും ഐഎൻഎസ് അരിഘട്ടിൽ ഉപയോഗിക്കുക.

മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതീയിലാണ് ഐഎൻഎസ് അരിഘട്ടിന്റെയും നിർമാണം. ഇൻഡോ-പസഫിക് സമുദ്ര മേഖലയിലെ മധ്യഭാഗത്തായി ഇന്ത്യയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ, രണ്ട് ആണുവായുധ മിസൈൽ അന്തർവാഹിനികൾ ഉള്ളത് നാവികസേനയ്ക്ക് മേഖലയിൽ കരുത്ത് പകരും. പ്രത്യേകിച്ച് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യക്ക് ഇതുവഴി പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ‘ഐഎൻഎസ് അരിദാമാൻ’ നിർമാണവും പുരോഗമിക്കുകയാണ്. അടുത്ത വർഷം തന്നെ ഈ ആണവ മിസൈൽ അന്തർവാഹിനി കമ്മീഷൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments