വഡോദര: ഗുജറാത്തിലെ വഡോദരയിലും മറ്റ് നഗരങ്ങളിലും പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്‌ടം. നാല് ദിവസത്തിനുള്ളിൽ 16 പേരാണ് വെള്ളപൊക്കത്തിൽ മരിച്ചത്. വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് 8,500 പേരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി. വീടിന്റെ സംരക്ഷണഭിത്തി തകർന്നും നദിയിൽ മുങ്ങിയും ചൊവ്വാഴ്‌ച ഒൻപതു പേരാണ് മരിച്ചത്. ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ റുഷികേശ് പട്ടേൽ പറഞ്ഞു.
അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമല്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വീട്ടിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപാർപ്പിക്കാൻ ആരും വരുന്നില്ലെന്നും അത്യാവശ്യ സാധനങ്ങൾ ക്യാമ്പിലെത്തുന്നില്ലെന്നും തദ്ദേശവാസികൾ പറയുന്നു. അതേ സമയം രക്ഷാപ്രവർത്തനം ഊർജ്ജിതമാണെന്നും കൂടുതൽ സൈന്യത്തെയടക്കം ദുരിതപ്രദേശങ്ങളിലെത്തിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചു.