ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍ എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
കേസില്‍ ഇഡിയും സിബിഐയും പുലര്‍ത്തുന്ന സമീപനത്തെ കോടതി വിമര്‍ശിച്ചു. ജാമ്യത്തുകയായി 10 ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം. കേസില്‍ തെളിവ് നശിപ്പിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. സിബിഐ, ഇഡി കേസുകളില്‍ കവിതയ്ക്ക് ജാമ്യം നല്‍കുന്നതായി ജസ്റ്റിസ് ആര്‍ ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15 നാണ് ബിആര്‍എസ് നേതാവ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇഡി കസ്റ്റഡിയിലായിരുന്നു കവിത. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സിബിഐയും കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തി.