Saturday, August 2, 2025
No menu items!
Homeഹരിതംചെറുനാരങ്ങായുടെ വിപണി സാധ്യത കണ്ടെത്തി കൃഷി ചെയ്ത് നേട്ടം കൊയ്യുകയാണ് പുറ്റടി സ്വദേശി പൂവത്തുംമൂട്ടില്‍ ജോസ്

ചെറുനാരങ്ങായുടെ വിപണി സാധ്യത കണ്ടെത്തി കൃഷി ചെയ്ത് നേട്ടം കൊയ്യുകയാണ് പുറ്റടി സ്വദേശി പൂവത്തുംമൂട്ടില്‍ ജോസ്

ചെറുതോണി: ചെറുനാരങ്ങയ്ക്ക് കേരളത്തില്‍ ആവശ്യക്കാരേറെയാണ്. വേനല്‍ക്കാലത്ത് ചെറുനാരങ്ങയുടെ വിലയും കുതിച്ചുയരും. എന്നാല്‍ ഇവിടെ ശീതളപാനീയവും അച്ചാറും തയാറാക്കാൻ നാരങ്ങ വേണമെങ്കില്‍ ആന്ധ്രയെയോ തമിഴ്നാടിനെയോ ആശ്രയിക്കണമെന്ന സ്ഥിതിയാണ്. ഇതോടെയാണ് ജില്ലയില്‍ ഒരു കർഷകൻ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുനാരങ്ങാ കൃഷി ആരംഭിച്ചത്. ഏതു സമയത്തും ആവശ്യക്കാരുള്ള ചെറുനാരങ്ങായുടെ വിപണി സാധ്യത കണ്ടെത്തി കൃഷി ചെയ്ത് നേട്ടം കൊയ്യുകയാണ് പുറ്റടി സ്വദേശി പൂവത്തുംമൂട്ടില്‍ ജോസ്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് ചെറുനാരകം കൃഷി ചെയ്ത് അദ്ദേഹം മികച്ച വിളവും വിലയും നേടുന്നത്.

തമിഴ്നാട്ടില്‍നിന്നു പഴവർഗങ്ങള്‍ എടുത്ത് എറണാകുളത്തും മറ്റു വില്‍പ്പന നടത്തിവരികയായിരുന്നു ജോസ്. ഇതിനു പുറമേ തമിഴ്നാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് പപ്പായ കൃഷിയും നടത്തിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാല്‍ വിഷയത്തിന്‍റെ പേരില്‍ കേരള-തമിഴ്നാട് അതിർത്തി മേഖലകളില്‍ സംഘർഷം ഉണ്ടായപ്പോള്‍ ബിസിനസും കൃഷിയും ഉപേക്ഷിച്ച്‌ അവിടെനിന്നു പോരേണ്ടി വന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി.

പിന്നീട് പുറ്റടിയില്‍ ആകെയുള്ള ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്തു കഴിയുന്നതിനിടെയാണ് നെറ്റിത്തൊഴു മണിയൻപെട്ടിയില്‍ മൂന്നര ഏക്കർ സ്ഥലം പാട്ടത്തിനു നല്‍കാനുണ്ടെന്ന് അറിഞ്ഞത്. ഈ സ്ഥലം പാട്ടത്തിനെടുത്ത് ഏലവും കുരുമുളകും ഫല വൃക്ഷങ്ങളും കൃഷി ചെയ്യാനാരംഭിച്ചു. ഇതിനുപുറമേയാണ് പരീക്ഷണമെന്ന നിലയില്‍ 35 സെന്‍റ് സ്ഥലത്ത് ചെറുനാരകം കൃഷി ചെയ്യാനാരംഭിച്ചത്. കൃഷി വിജയകരമാകുമോയെന്ന ഉറപ്പില്ലാതെയാണ് ജോസ് ഇതിനു മുന്നിട്ടിറങ്ങിയത്. എന്നാല്‍ ജോസിന്‍റെ പരിശ്രമം ഫലം കണ്ടതോടെ മെച്ചപ്പെട്ട വരുമാനം നല്‍കുന്ന കൃഷിയായി ചെരുനാരങ്ങ മാറി.

പത്തടി അകലത്തില്‍ 150 ഓളം തൈകളാണ് ജോസ് 35 സെന്‍റില്‍ കൃഷി ചെയ്തത്. എന്നാല്‍ കുറഞ്ഞത് 20 അടി അകലമെങ്കിലും ചെടികള്‍ തമ്മില്‍ വേണമെന്നാണ് ജോസിന്‍റെ അഭിപ്രായം. ചെടികള്‍ തമ്മില്‍ അകലം കുറഞ്ഞാല്‍ മുള്ളു കാരണം കൃഷിയിടത്തില്‍ പ്രവേശിക്കാൻ ബുദ്ധിമുട്ടാവും. ഒരു നാരകത്തില്‍ നിന്ന് വർഷം 15 കിലോയില്‍ കുറയാതെ നാരങ്ങ കിട്ടും.

നിലവില്‍ 90 രൂപ വരെ വില ലഭിക്കുന്നുണ്ട്. വേനല്‍ക്കാലത്താകട്ടെ മെച്ചപ്പെട്ട വിലയാണ് നാരങ്ങായ്ക്ക് ലഭിക്കുന്നത്. കടുത്ത വേനലില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ശീതളപാനീയം നാരങ്ങാവെള്ളമായതിനാല്‍ വിപണിയില്‍ 250-300 രൂപ വരെയാണ് ചെറു നാരങ്ങായുടെ വില. കഴിഞ്ഞ വേനലില്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നും 150 രൂപ വരെ ഒരു കിലോ നാരങ്ങായ്ക്ക് ജോസിനു വില ലഭിച്ചു. മൊത്തക്കച്ചവടക്കാർ തോട്ടത്തിലെത്തി നാരങ്ങ വാങ്ങുന്നതിനു പുറമെ സമീപത്തെ കടകളിലും നാരങ്ങ വില്‍പ്പന നടത്തുന്നുണ്ട്.

കാര്യമായ ജലസേചനം ആവശ്യമില്ലായെന്നതാണ് ചെറുനാരങ്ങാ കൃഷിയുടെ പ്രത്യേകത. ചെടികള്‍ നടുന്ന സമയത്ത് നല്ല രീതിയില്‍ ജലസേചനം നടത്തണം. വളർച്ചയെത്തിയാല്‍ കൂടുതല്‍ വെള്ളം ഇവയ്ക്ക് ആവശ്യമില്ല. വള വർഷത്തില്‍ രണ്ടു തവണ വളപ്രയോഗം നടത്തണം. അഴുകല്‍ രോഗം പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇതിനുള്ള പ്രതിരോധ മരുന്നും നല്‍കണം. കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കാൻ ജോസ് തയാറെടുക്കുകയാണ്. ചെറു നാരങ്ങായ്ക്കു പുറമെ സപ്പോട്ട, ഓറഞ്ച്, റംബുട്ടാൻ തുടങ്ങിയ പഴ വർഗങ്ങളും ജോസ് കൃഷി ചെയ്യുന്നുണ്ട്. ഭാര്യ ഷേർളിയും കൃഷിയില്‍ പിന്തുണയുമായി ജോസിനൊപ്പമുണ്ട്. തുഷാര, ഡോ.അമല്‍, ഹിമ എന്നിവരാണ് മക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments