ധാക്ക: ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍. ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഷബാന്‍ മഹ്‌മൂദ്, രഞ്ജന്‍ സേന്‍ എന്നിവരെയാണ് ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ചുമതലകളില്‍ നിന്ന് പുറത്താക്കിയത്. ഷബാന്‍ മഹ്‌മൂദിന്റെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നത്. 2026ലാണ് രഞ്ജന്‍ സേനന്റെ കാലാവധിയും അവസാനിക്കുന്നത്.
ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിലം പതിച്ചതിനെതുടര്‍ന്നുള്ള ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങള്‍ തമ്മിലുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിന് പിന്നാലെയാണ് നയതന്ത്രരെ ചുമതലകളില്‍ നിന്ന് നീക്കുന്ന നടപടി വന്നിരിക്കുന്നത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയതും അസ്വാരസ്യങ്ങള്‍ വർധിക്കുന്നതിന് കാരണമായി.