Tuesday, August 5, 2025
No menu items!
Homeവാർത്തകൾജില്ലാ പട്ടികവർഗ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ഊരുമൂപ്പന്മാർ

ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ഊരുമൂപ്പന്മാർ

ചെറുതോണി: ആദിവാസി ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ഊരുമൂപ്പന്മാർ. ഊരുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ഊരുമൂപ്പന്മാർ.

വിതരണം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ ജില്ലാ പട്ടികവർഗ ഓഫീസില്‍ തിരിച്ചേല്‍പ്പിച്ചായിരുന്നു സമരം. പ്രതിഷേധ സമരത്തെ തുടർന്ന് ഏറെ നേരം ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെട്ടു. പട്ടിക വർഗ വകുപ്പ് ജില്ലാ പ്രോജക്‌ട് ഓഫീസർ ജി.അനില്‍കുമാർ, അസി. ജില്ലാ പ്രോജക്‌ട് ഓഫീസർ ജിജി തോമസ് എന്നിവരുടെ മുന്നിലാണ് ആദിവാസി ഊരുമൂപ്പൻ സംഘടന ചെയർമാൻ എം.ഐ. ശശിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റ് ഉപയോഗ യോഗ്യമല്ലാത്തവയായിരുന്നെന്ന ആരോപണം ഉയർത്തിയായിരുന്നു സമരം. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച്‌ പാചകം ചെയ്ത ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന വിവരവും പുറത്തു വന്നിരുന്നു.

ഇന്നലെ രാവിലെ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഊരുമൂപ്പൻമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചാണ് സമരം ആരംഭിച്ചത്. പിന്നീടാണ് ഇവർ ഭക്ഷ്യ വസ്തുക്കളുമായി ഐടിഡിപി ഓഫീസില്‍ എത്തിയത്. നിലവാരം കുറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുക, ക്രമക്കേടിനെ കുറിച്ച്‌ അന്വേഷണം നടത്തുക, ഭക്ഷ്യ വിഷബാധയേറ്റു ചികില്‍സയില്‍ കഴിഞ്ഞവർക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയർത്തിയായിരുന്നു സമരം. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള ഊരുമൂപ്പൻമാരാണ് സമരത്തില്‍ പങ്കെടുത്തത്. എണ്ണയില്‍ പാകം ചെയ്ത ചക്കക്കുരുവും സമരക്കാർ കൊണ്ടു വന്നിരുന്നു.

തൊടുപുഴ താലൂക്കിലെ വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് എന്നിവ ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകളിലാണ് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് ഗുണനിലവാരമില്ലാത്ത ഭക്ഷ്യോത്പ്ന്നങ്ങള്‍ വിതരണം ചെയ്തത്. കിറ്റില്‍ നിന്നുള്ള എണ്ണയില്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞിനുള്‍പ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി, പട്ടിക വർഗ വകുപ്പു മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ഇതോടെയാണ് ആദിവാസി സംഘടനകള്‍ സമരവുമായി രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ അന്വേഷണം നടത്താൻ അധികൃതർ തയാറായിട്ടില്ല. സബ് കളക്ടർ ഹിയറിംഗിനു വിളിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പറഞ്ഞിട്ടും സമരക്കാർ പിരിഞ്ഞു പോകാൻ തയാറായില്ല.

ഒടുവില്‍ ഏറെ സമയത്തെ ചർച്ചയ്ക്കൊടുവില്‍ ഐടിഡിപി ഓഫീസില്‍ നിന്നും ഡിവൈഎസ്പി ഓഫീസിലേക്കു സംഭവം സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ട് നല്‍കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നും സമരക്കാരെ അറിയിച്ചു. ഇതെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധക്കൂട്ടം സംസ്ഥാന പ്രസിഡന്‍റ് എം.പാല്‍രാജ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഊരുമൂപ്പൻ രാഘവൻ അധ്യക്ഷത വഹിച്ചു. എം.ഐ.ശശി, പി.എ.മോഹനൻ, ടി.ടി.മനോജ്, ശ്രീജിത് ഒളിയറയ്ക്കല്‍, കെ.എസ്.ഷാജി എന്നിവർ പ്രസംഗിച്ചു.

ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സമരക്കാർ

ആദിവാസി ഊരുകളില്‍ വർഷത്തില്‍ മൂന്നു തവണയാണ് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ഐടിഡിപി വകുപ്പ് എസ്‌സി-എസ്ടി ഫെഡറേഷനാണ് ക്വട്ടേഷൻ കൊടുക്കുന്നത്. ഇവരാണ് സ്വകാര്യ ഏജൻസികള്‍ക്ക് കരാർ നല്‍കുന്നത്. ഇവർ ട്രൈബല്‍ ഓഫീസർമാർ, ഊരുമൂപ്പൻമാർ എന്നിവർ മുഖേന ആദിവാസി കുടുംബങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കും.

നേരത്തെ ത്രിവേണി ഉത്പന്നങ്ങള്‍ വിതരണംചെയ്ത സ്ഥാനത്താണ് പിന്നീട് സ്വകാര്യ കന്പനികളുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു വരുന്നത്. ഇവയില്‍ പലതും തട്ടിക്കൂട്ട് കന്പനികളാണെന്നാണ് സമരക്കാർ പറയുന്നത്. 2018ല്‍ ഭക്ഷ്യവകുപ്പ് നിരോധിച്ച കേരസുഗന്ധി, കേരശക്തി എന്ന പേരുകളിലുള്ള വെളിച്ചെണ്ണയാണ് കിറ്റില്‍ ഉണ്ടായിരുന്നത്. ചെറുപയറും കടലയും ഗുണനിലവാരമില്ലാത്തതായിരുന്നു. 11 രൂപ വിലയുള്ള സോപ്പില്‍ ലേബല്‍ മാറ്റി 25 രൂപയാക്കിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വ്യാപക ക്രമക്കേട് നടന്നതിനാല്‍ ഉദ്യോഗസ്ഥർക്കും ഇതില്‍ പങ്കുണ്ടെന്നാണ് സമരക്കാർ ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments