ന്യൂഡല്‍ഹി: എസ്ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഒടുവില്‍ രാജിവെക്കേണ്ടി വരുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നല്കി. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സ്പെഷ്യല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍
തങ്ങള്‍ ജയിലിലായിരിക്കുമ്പോഴും സിജെപി പ്രതിഷേധങ്ങള്‍ തുടര്‍ന്നുവെന്ന് അശുതോഷ് റാങ്ക പറഞ്ഞു. ‘ഈ പ്രസ്ഥാനം തുടരും. ജനങ്ങള്‍ ഏല്‍പ്പിച്ച ഈ പ്രസ്ഥാനത്തിന്റെ കാവല്‍ക്കാരാണ് ഞങ്ങള്‍. ഞങ്ങളാല്‍ ആകുംവിധം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ജയിലില്‍ ആയിരിക്കുമ്പോഴും പ്രസ്ഥാനം അതിന്റെ വഴിക്ക് മുന്നോട്ട് പോയിട്ടുണ്ട്’ -റാങ്ക കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും തങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് ഉടന്‍ പ്രഖ്യാപിക്കുമെന്നും റാങ്ക വ്യക്തമാക്കി.പ്രതിഷേധത്തിന്റെ ഭാവി പരിപാടികള്‍ കൂട്ടായി തീരുമാനിക്കുമെന്ന് സൗരവ് ദാസ് വ്യക്തമാക്കി. സിജെപിയുടെ മാത്രം പിന്തുണയല്ല ഈ പ്രസ്ഥാനത്തിനുള്ളതെന്നും നിരവധി ആളുകള്‍ ഇതിനൊപ്പം നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരും ചേര്‍ന്ന് കൂട്ടായ തീരുമാനമെടുക്കുമെന്നും ഗ്യാനേഷ് കുമാര്‍ തീര്‍ച്ചയായും രാജിവെക്കേണ്ടി വരുമെന്നും സൗരവ് ദാസ് പറഞ്ഞു.
എസ്ഐആര്‍ നടപടികള്‍ക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും സിജെപി നിരന്തരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. ഒക്ടോബര്‍ 13ന് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് ജന്തര്‍മന്തറില്‍ പ്രവേശിച്ച അശുതോഷ് റാങ്കയും സൗരവ് ദാസും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തുകയും തുടര്‍ന്ന് കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊണാട്ട് പ്ലേസില്‍ തിരംഗ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സംഘടന തീരുമാനിച്ചിരുന്നു.ഒക്ടോബര്‍ 14ന് അറസ്റ്റിലായ റാങ്കയെയും സൗരവ് ദാസിനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. 21ന് സ്പെഷല്‍ മജിസ്ട്രേറ്റ് കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. അന്വേഷണത്തില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച കൂടുതല്‍ സമയം ആവശ്യപ്പെട്ട ഇരുവരും വെള്ളിയാഴ്ച സ്പെഷല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാവുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

