ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി എംപിമാർ ഇന്നലെ നടത്തിയ സമരത്തിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ. ആകാശവാണി ഭവനകത്ത് എട്ട് മണിക്കൂറിലധികം കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും എംപിമാരെയും അറസ്റ്റ് ചെയ്തു വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയുമായി പൊലീസ് ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.അത്യന്തം നാടകീയമായ സംഭവങ്ങൾക്കാണ് ഡൽഹി നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. എംപിമാരുടെ അറസ്റ്റിനിടെ രാഹുൽ ഗാന്ധി നടത്തിയ നീക്കമായിരുന്നു ആദ്യത്തേത്. പാർലമെന്റ് ഹൗസ് മുതൽ നിർവാചൻ സദാൻ വരെ നടത്തിയ എംപിമാരുടെ മാർച്ച് സൻസദ് മാർഗിൽ വെച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ആകാശവാണി ഭവനിലേക്ക് തന്ത്രപൂർവ്വം കയറുകയായിരുന്നു. ഇതോടെ പൊലീസ് പൂർണ്ണമായും പ്രതിരോധത്തിലായി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കൂടുതൽ നേതാക്കളും എംപിമാരും ആകാശവാണി കേന്ദ്രത്തിൽ നിലയുറപ്പിച്ചു. അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ എട്ട് മണിക്കൂറികൾക്ക് ശേഷമാണ് ഡൽഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.എന്നാൽ അവിടെയും പ്രതിഷേധം തീർന്നില്ല. കിംഗ്സ് വേ പൊലീസ് ക്യാമ്പിൽ എത്തിക്കാനുള്ള നീക്കത്തിനിടെ പ്രിയങ്ക ഗാന്ധിയുമായി പോയ പൊലീസ് വാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. അതോടെ നാടകീയമായ സംഭവങ്ങൾക്ക് ഡൽഹി വീണ്ടും സാക്ഷിയായി. പ്രവർത്തകർ വാഹനത്തിനു മുകളിൽ കയറിയതോടെ പ്രിയങ്ക വാനിനു പുറത്തിറങ്ങി. പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ ഉൾപ്പെടെ കേറി പ്രതിഷേധിച്ച് പ്രിയങ്കയെ പൊലീസ് പണിപ്പെട്ടാണ് ക്യാമ്പിൽ അകത്തേക്ക് കയറ്റിയത്. പിന്നീട് രണ്ടു മണിക്കൂറ് നീണ്ട കസ്റ്റഡിക്ക് ശേഷം നേതാക്കൾ പുറത്തേക്ക്. വീണ്ടും മറ്റൊരു സർജിക്കൽ സ്ട്രൈക്കുമായി തിരിച്ചുവരുമെന്നും ശക്തമായി തെരുവിൽ കാണാമെന്നുമുള്ള ഓർമ്മപ്പെടുത്തലുമായി നേതാക്കൾ മടങ്ങി.അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് ഇൻഡ്യ മുന്നണിയുടെ നീക്കം. ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ന് നടക്കുന്ന പ്രതിഷേധത്തിൽ ആംആദ്മി പാർട്ടിയും പങ്കാളികളാകും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമരം നടക്കുക. ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ബിഹാറിലെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ആക്രോശ് മാർച്ച് സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കും. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ ജമ്മു കാശ്മീരിലും കനത്ത പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും യോജിച്ച സമരപരിപാടികൾക്കാണ് ഇന്ത്യ മുന്നണിയുടെ ആഹ്വാനം.ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കെപിസിസിയും. ഇന്ന് വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആഹ്വാനം ചെയ്തു.

