റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചു. രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്. അപകടത്തിൽ മരിച്ച നാല് ഇന്ത്യക്കാരും നഴ്സുമാരാണ്. കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (46), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനമോടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു.സൗദി സർക്കാർ ഡിസ്പൻസറികളിൽ ജീവനക്കാരായിരുന്നു മരിച്ചവർ. മക്കയിലെ അൽഗഫ എന്ന സ്ഥലത്തായിരുന്നു ജോലി. അവധി ദിനമായതിനാൽ പർച്ചേസിനായി മക്കയിലെ റാനിയ എന്ന പട്ടണത്തിൽ വന്നതായിരുന്നു. ഇവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സൗദിയിലെ നഴ്സുമാർ സാധാരണ ആഴ്ചയിലെ അവധി ദിവസങ്ങളിലാണ് പർച്ചേസിന് പോകാറുള്ളത്. ഇങ്ങനെ ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ സൗദിയിലുള്ള ബന്ധുക്കളും സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

