ന്യൂയോര്‍ക്ക്: നേപ്പാളില്‍ കഴിഞ്ഞ മാസമുണ്ടായ മിന്നല്‍പ്രളയം ലോകരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബാലന്ഷാഹ്. തങ്ങളുടെ രാജ്യത്തുണ്ടായത് കേവലം പ്രാദേശികമായൊരു ദുരന്തമായിരുന്നില്ലെന്നും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോകത്തിന് നല്കുന്ന വലിയൊരു മുന്നറിയിപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തിലെ അപകടങ്ങളെ കുറിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവറസ്റ്റ് സന്ദര്‍ശിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ് പൊതുയോഗത്തില്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ തുടക്കം.’ലോകത്തിന്റെ നെറുകയില്‍ നിന്നുള്ള സന്ദേശം എല്ലാവരും കേട്ടില്ലെന്ന് തോന്നുന്നു. നേപ്പാളില്‍ ഞങ്ങളത് കേട്ടു. ഞങ്ങളുടെ സമൂഹം ഒന്നടങ്കം അതിന് സാക്ഷിയാണ്. ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രജ്ഞരും അത് കേട്ടിട്ടുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. അവരത് തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് മുന്നിലേക്ക് വെച്ചുനീട്ടി. എന്നാല്‍, രാഷ്ട്രീയക്കാരെന്ന നിലയില്‍ ഈ മുന്നറിയിപ്പുകളെ നേരിടാനുള്ള കൃത്യമായ നടപടികളൊരുക്കുന്നതില് നമുക്ക് വീഴ്ച സംഭവിച്ചിരിക്കുന്നു’. അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ ക്ഷണിച്ചുവരുത്തിയ ദുരന്തമായിരുന്നില്ല നേപ്പാളിലേത്. എന്നാലോ, അതിന്റെ കനത്ത വില ഞങ്ങള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ മലനിരകള്‍ തരിശുഭൂമിയായി മാറി. പുല്‍മേടുകളെല്ലാം നശിച്ചുപോയി. നദികളിലെ ഒഴുക്കുകള്‍ പ്രവചനാതീതമായി മാറിയിരിക്കുന്നു. ഒാരോ തവണയും പ്രളയം നക്കിത്തുടച്ചുകൊണ്ടുപോകുന്നത് മനുഷ്യരെ മാത്രമല്ല, തലമുറകളായുള്ള വികസനങ്ങള്‍ കൂടിയാണ്’. അദ്ദേഹം വ്യക്തമാക്കി. നേപ്പാളിലെ കാലാവസ്ഥാ ദുരന്തം ലോകരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ഇത്തരം ദുരന്തങ്ങള്‍ക്ക് യാതൊരു വിധ അതിരുകളും പരിധികളുമില്ലെന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേപ്പാളിലെ റസുവ ജില്ലയില്‍ ആഗസ്റ്റ് 26-നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഡസന്‍ കണക്കിന് പാലങ്ങളും റോഡുകളും തകര്‍ന്നുപോയിരുന്നു. വെള്ളപ്പൊക്കത്തിന് മുമ്പ് പ്രദേശത്ത് ഭൂചലനമുണ്ടായതായി ആദ്യം അറിയിച്ച യുഎസ് ജിയോളജിക്കല്‍ സര്‍വേ, തങ്ങളുടെ ഡാറ്റ പുതുക്കുകയും 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പസമാനമായ പ്രവര്‍ത്തനത്തിന്റെ ഉറവിടം ഹിമാനി ഇടിഞ്ഞു വീണതാണെന്ന് വ്യക്തമാക്കുകയും ചെയ്യുകയുണ്ടായി. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മൗണ്ടന്‍ ഡെവലപ്മെന്റിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്, പര്‍വ്വതമേഖലയില്‍ നിന്ന് ഹിമാനിയുടെ കഷണങ്ങള്‍ അടര്‍ന്നുവീണുണ്ടായ ഹിമപാതമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ്. നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 1,453 പേര് ജീവന് വെടിഞ്ഞതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

