Thursday, September 24, 2026
No menu items!
Homeവാർത്തകൾകലയുടെ സൂര്യശോഭ, സൂര്യ കൃഷ്ണമൂര്‍ത്തി വിടവാങ്ങി; അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ അനുശോചന പ്രവാഹം

കലയുടെ സൂര്യശോഭ, സൂര്യ കൃഷ്ണമൂര്‍ത്തി വിടവാങ്ങി; അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ അനുശോചന പ്രവാഹം

തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1951 ഏപ്രിൽ 11ന് കോട്ടയത്തായിരുന്നു ജനനം. പിതാവ്. പരേതനായ പി.നടരാജ പിള്ള. മാതാവ്: പരേതയായ സി.സരസ്വതി അമ്മ. ഐഎസ്ആര്‍ഒയിലെ മികച്ച ജോലി വിട്ടാണ് അദ്ദേഹം കലാരംഗത്ത് അദ്ദേഹം സജീവമായത്. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയും സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച സാംസ്‌കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവല്‍. വിശ്വപ്രതിഭകള്‍ക്കായി അരങ്ങൊരുക്കിയ കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സൂര്യകൃഷ്ണമൂര്‍ത്തി.

രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകം സിനിമയുമായിരുന്നു. ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു. ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനായ അദ്ദേഹം, മലയാള കലയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്:

‘കലാരംഗത്ത് സൂര്യശോഭയോടെ തിളങ്ങിനിന്ന പ്രിയപ്പെട്ട കൃഷ്ണമൂര്‍ത്തി വിടവാങ്ങി. കേവലമൊരു കലാസംഘാടകനായിരുന്നില്ല അദ്ദേഹം. പ്രഗല്‍ഭരായ സംഗീതജ്ഞരും നര്‍ത്തകരുമെല്ലാം അദ്ദേഹത്തിന്റെ ഒരു വിളിയില്‍ ഓടിയെത്തുകയും കലാപ്രകടനം നടത്തുകയും ചെയ്യുമായിരുന്നു. പണ്ഡിറ്റ് രവിശങ്കറും, ദാസേട്ടനും, ബാലമുരളി കൃഷ്ണയും, ശോഭനയും ഉള്‍പ്പെടെ നിരവധി സര്‍ഗ്ഗപ്രതിഭകളെ സൂര്യയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും തലസ്ഥാനത്ത് സാംസ്‌കാരിക ഉത്ഥാനത്തിന് വിളക്കേന്തിയ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ ജീവാത്മാവായിരുന്നു അദ്ദേഹം. 110 ദിവസം നീളുന്ന ഇന്ത്യയിലെ ഏറെ പ്രധാനപ്പെട്ട സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ സംഘാടകനും മേല്‍വിലാസം എന്ന ചിത്രത്തിന്റെ രചയിതാവും കൂടിയായ കൃഷ്ണമൂര്‍ത്തിയെ രേഖപ്പെടുത്താതെ കേരളത്തിന്റെ കലാചരിത്രം പൂര്‍ണമാവില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’- അന്തരിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കില്‍ കുറിച്ചു

നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഏറ്റവും സാര്‍ഥകമായ വേദികളിലൊന്നിനെ മലയാളമണ്ണിനായി ബാക്കിവച്ചുകൊണ്ടാണ് സൂര്യ കൃഷ്ണമൂര്‍ത്തി യാത്ര പറയുന്നതെന്ന് നടി മഞ്ജു വാര്യര്‍ ‘സൂര്യ ഫെസ്റ്റിവല്‍ ഏതൊരു കലാകാരന്റെയും കലാകാരിയുടെയും സ്വപ്നവേദിയാണ്. അവിടത്തെ അഭിജാതസദസ്സിനുമുന്നില്‍ ഒരു തവണയെങ്കിലും നില്‍ക്കാനാകുക എന്നത് പുണ്യാവസരവും. എനിക്കും ലഭിച്ചു ആ ഭാഗ്യം. സൂര്യയുടെ വേദിയില്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ ഒന്ന് ദാസേട്ടനെന്നപോലെ ഒമ്പതാംതീയതി എനിക്കായി നീക്കിവയ്ക്കുമെന്ന് അന്ന് വേദിയില്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ പ്രഖ്യാപിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്. നൃത്തവും സംഗീതവും ഒരു കൈയിലേന്തുമ്പോള്‍ തന്നെ മറുകൈകൊണ്ട് നാടകം എന്ന കലാരൂപത്തെയും സാര്‍ മുറുകെപ്പിടിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും കലയ്ക്ക് സമര്‍ച്ചിച്ച ഒരാള്‍. അസ്തമിക്കാതെ ഉള്ളില്‍ എന്നുമുണ്ടാകും ആ സൂര്യവെളിച്ചം. വിട കൃഷ്ണമൂര്‍ത്തി സര്‍’- മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിഡി സതീശന്റെ കുറിപ്പ്

കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ‘സൂര്യ’ സാംസ്‌കാരിക കൂട്ടായ്മയുടെ അമരക്കാരന്‍. ശാസ്ത്രത്തിന്റെയും കലയുടെയും അപൂര്‍വ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. .ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് സര്‍ഗ്ഗാത്മകതയുടെ വിശാലമായ ആകാശത്തേക്ക് അദ്ദേഹം ചിറകുവിരിച്ചത്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോര്‍ത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയത്രെ അദ്ദേഹം പിന്നീട് കേരളത്തിന്റെ കലാ-സാംസ്‌കാരിക മണ്ഡലത്തിലും പുലര്‍ത്തിയത്.1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് വിത്തുപാകിയ ‘സൂര്യ ഫെസ്റ്റിവല്‍’ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായി മുപ്പതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച് ഭാരതീയ കലകളുടെ വസന്തമായി മാറി. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സാംസ്‌കാരിക മേളയെന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ‘സൂര്യ’ കേരളത്തിന് ലോക സാംസ്‌കാരിക ഭൂപടത്തില്‍ നല്‍കിയ ഇടം ചെറുതല്ല.മലയാള നാടകവേദിയില്‍ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശബ്ദവും വെളിച്ചവും വരികളും മനോഹരമായി സമന്വയിപ്പിച്ച് അദ്ദേഹം ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും രംഗാവതരണങ്ങളും ഇന്ത്യന്‍ നാടകചരിത്രത്തിലെ തന്നെ പുതിയ അധ്യായങ്ങളായിരുന്നു.കലയെ ജനകീയമാക്കുന്നതിലും പരമ്പരാഗത കലാകാരന്മാര്‍ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകള്‍ക്ക് മാതൃകയാണ്. പകരക്കാരില്ലാത്ത ആ സാംസ്‌കാരിക ശില്പിയുടെ വേര്‍പാട് കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

അതുല്യനായ കലാസംഘാടകനെയാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായിരിക്കുന്നത്. വിശ്വപ്രസിദ്ധ കലാപ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് വേദിയൊരുക്കുകയും അവരുടെ കലാവതരണങ്ങളെ കേരളത്തിനു പരിചയപ്പെടുത്തുകയും ചെയ്ത സൂര്യ കൃഷ്ണമൂര്‍ത്തി സൂര്യ ഫെസ്റ്റിവലിലൂടെ കേരളത്തിന്റെ കലാസാംസ്‌കാരിക ബോധത്തെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ലോകശ്രദ്ധയില്‍ വന്ന കലകളെയും കലാപ്രവര്‍ത്തകരെയും അണിനിരത്തി ഇത്രയും വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് സൂര്യ ഫെസ്റ്റിവലിനു മാത്രം സാധ്യമായ കാര്യമാണ്. ഐഎസ്ആര്‍ഒയിലെ മികച്ച ജോലിയുപേക്ഷിച്ചാണ് കലാപ്രവര്‍ത്തനത്തിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്. ശാസ്ത്രബോധവും കലാബോധവും ഒരേ വ്യക്തിയില്‍ ഒരുപോലെ സമ്മേളിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.വ്യക്തിപരമായി അദ്ദേഹത്തോട് ഏറെ അടുപ്പമുണ്ടായിരുന്നു. പിണറായിപ്പെരുമയുടെ സംഘാടനത്തിലും അതിന്റെ വിജയകരമായ നിര്‍വ്വഹണത്തിലുമെല്ലാം നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായ കാലത്ത് കലയ്ക്കും നാടകത്തിനും അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.

ആഭ്യന്തരമന്ത്ര രമേശ് ചെന്നിത്തല

കേരളത്തിന്റെ കലാസാംസ്‌കാരിക ഭൂമികയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനുമായി ദശാബ്ദങ്ങള്‍ നീണ്ട സുഹൃദ്ബന്ധം ആണ് ഉണ്ടായിരുന്നത്. പലപ്പോഴും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തോട് അടുത്ത് ഇടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. ഉന്നത വ്യക്തിത്വമുള്ള ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആയിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തി. അദ്ദേഹം ആവിഷ്‌കരിച്ച സൂര്യഫെസ്റ്റിവല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കലാവേദിയായിരുന്നു. ലോകമെങ്ങുമുള്ള കലാകാരന്മാരെ കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ അണിനിരത്തി അവരുടെ സര്‍ഗ്ഗ സപര്യ ജനങ്ങള്‍ക്ക് ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയത് സൂര്യകൃഷ്ണമൂര്‍ത്തി ആയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം നല്‍കിയ സംഭാവന കാലാതീതമാണ്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. നമ്മുടെ സാംസ്‌കാരിക രംഗത്ത് സൂര്യനെ പോലെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ്

നാടകകൃത്തും സംവിധായകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനും അരങ്ങിന്റെ അതുല്യ ശില്‍പിയുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് തീരാനഷ്ടമാണെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. കലയെ ജീവിതസപര്യയാക്കി മാറ്റിയ അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. പാരമ്പര്യത്തിന്റെ മിഴിവ് ചോരാതെ ശബ്ദവും വെളിച്ചവും ദൃശ്യവും സംഗീതവും സമന്വയിപ്പിച്ച് അരങ്ങിനെ വേറിട്ടൊരു കലാനുഭവമാക്കി മാറ്റുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ സര്‍ഗാത്മകത മലയാള നാടകവേദിയില്‍ തന്റേതായൊരു ഇടം സൃഷ്ടിച്ചു. രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ ഉള്‍പ്പെടെയുള്ള നാടകങ്ങളും ശ്രദ്ധേയമായ നിരവധി രംഗാവതരണങ്ങളും അദ്ദേഹത്തിന്റെ കലാപ്രതിഭയുടെ അടയാളങ്ങളായി നിലനില്‍ക്കും.സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയിലൂടെയും സൂര്യ ഫെസ്റ്റിവലിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അദ്ദേഹം സൃഷ്ടിച്ച ചലനം പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. നാടകം, നൃത്തം, സംഗീതം, സിനിമ തുടങ്ങി വിവിധ കലാരൂപങ്ങളെ ഒരുമിച്ച് അണിനിരത്തിയ സൂര്യ ഫെസ്റ്റിവല്‍ കേരളത്തിന്റെ കലാപാരമ്പര്യത്തെ രാജ്യത്തിനകത്തും പുറത്തും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം കലാകാരന്മാരുടെ പ്രശ്‌നങ്ങളെ അടുത്തറിഞ്ഞ് ഇടപെട്ട വ്യക്തിയായിരുന്നു. കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി; കലാകാരന്മാര്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ സൂര്യ കൃഷ്ണമൂര്‍ത്തി കലയുടെ അതിരുകള്‍ വിശാലമാക്കുന്നതിനൊപ്പം പുതുതലമുറയിലെ കലാകാരന്മാര്‍ക്ക് വേദിയും അവസരങ്ങളും ഒരുക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു. ശാസ്ത്രബോധവും കലാബോധവും സംഘാടനശേഷിയും സമന്വയിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അപൂര്‍വമായിരുന്നു. അരങ്ങിനെയും കലാകാരന്മാരെയും സാംസ്‌കാരിക സമൂഹത്തെയും ഒരുപോലെ ചേര്‍ത്തുപിടിച്ച ഒരു സര്‍ഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങല്‍ കൂടിയാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അന്ത്യം. രണ്ടാഴ്ചയായി കരള്‍രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്നു. നാളെ വൈകീട്ട് അഞ്ചിന് തിരുവനന്തപുരം തൈക്കാട്ടെ ശാന്തി കവാടത്തില്‍ നടക്കും. രാവിലെ ഒന്‍പതുമുതല്‍ തൈക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments