Saturday, September 19, 2026
No menu items!
Homeവാർത്തകൾകേരളത്തിന്റെ സമുദ്ര, തീരദേശ, കായല്‍ വിഭവങ്ങളുടെ സാധ്യതകളും അവസരങ്ങളും കണ്ടെത്താൻ 'വേമ്പനാട് ഡയലോഗ്‌സ്' ആഗോള...

കേരളത്തിന്റെ സമുദ്ര, തീരദേശ, കായല്‍ വിഭവങ്ങളുടെ സാധ്യതകളും അവസരങ്ങളും കണ്ടെത്താൻ ‘വേമ്പനാട് ഡയലോഗ്‌സ്’ ആഗോള സിംബോസിയം സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍

ചേര്‍ത്തല: കേരളത്തിന്റെ സമുദ്ര, തീരദേശ, കായല്‍ വിഭവങ്ങളെ സുസ്ഥിര വികസനത്തിന്റെയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും തൊഴില്‍സാധ്യതകളുടെയും പുതിയ അവസരമാക്കി മാറ്റുന്നതിനുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘വേമ്പനാട് ഡയലോഗ്‌സ് എന്ന പേരില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ആഗോള സിംബോസിയം സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നടക്കും. ‘ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി ഉയര്‍ത്തുക’ എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ദ്വിദിന അന്തര്‍ദേശീയ സിമ്പോസിയം സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ 25ന് ബഹു.കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍ സിംബോസിയം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ ഓണ്‍ലൈന്‍ സന്ദേശം നല്‍കും. ചേര്‍ത്തല എം.എല്‍. എ. ശ്രീ പി. പ്രസാദ് അധ്യക്ഷനാകും. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റോ ചേരാന്തുരുത്തി മുഖ്യാതിഥി ആയിരിക്കും, ചേര്‍ത്തല നഗരസഭ അധ്യക്ഷന്‍ ശ്രീ എസ്. സോബിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനത പി എന്നിവര്‍ ആശംസ അര്‍പ്പിക്കും. കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ബെന്നി ജോണ്‍ മാരാംപറമ്പില്‍ സ്വാഗതവും കോളേജ് ഡീന്‍ ഡോ. അജയ് കൃഷ്ണന്‍ ജി. നന്ദിയും പറയും.

അക്കാദമിക് രംഗം, ഗവേഷണം, സര്‍ക്കാര്‍, നയരൂപീകരണം, വ്യവസായം, സംരംഭകത്വം, മത്സ്യബന്ധനം, ടൂറിസം, കൃഷി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരെയും പ്രതിനിധികളെയും ഒരുമിപ്പിക്കുന്ന ആഗോള വേദിയായാണ് സിംബോസിയം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പതിനൊന്നു സര്‍വകലാശാലകളില്‍ നിന്നും പണ്ഡിതരും, ഗവേഷകരും വിദ്യാര്‍ഥികളും പങ്കെടുക്കും. കടലോരം, വേമ്പനാട് കായല്‍, ജലപാതകള്‍, മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, കയര്‍ കൃഷി, ജലഗതാഗതം, കായല്‍ ടൂറിസം തുടങ്ങിയ അലപ്പുഴയുടെ സവിശേഷ വിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്തി പുതിയ വികസന മാതൃകകള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

‘ഗവേഷണത്തില്‍ നിന്ന് നയത്തിലേക്ക്, നവീകരണത്തില്‍ നിന്ന് സംരംഭത്തിലേക്ക്, വികസനത്തില്‍ നിന്ന് സുസ്ഥിരതയിലേക്ക്’ എന്ന ആശയബന്ധമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്.

സെപ്റ്റംബര്‍ 25 രാവിലെ 9.30ന് ആരംഭിക്കുന്ന കീനോട്ട് സെഷനില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ബിജു കുമാര്‍ പ്രഭാഷണം നടത്തും. ഭാരത മാതാ കോളേജ് അക്കാദമിക് ഡയറക്ടര്‍ പ്രൊഫ. ഡോ. ജോണ്‍സണ്‍ കെ.എം. അധ്യക്ഷനായിരിക്കും

തുടര്‍ന്ന് ”കേരളം ‘s ബ്ലൂ ഇക്കോണമി : വിഷന്‍ , പോളിസി , ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ‘ എന്ന വിഷയത്തില്‍ സി.എം.എഫ്.ആര്‍. ഐ. , കൊച്ചി പ്രിന്‍സിപ്പല്‍ സയന്റിസ്‌റ് ഡോ. പി. ഷിനോജ് പ്ലീനറി പ്രഭാഷണം നടത്തും. കോഴിക്കോട് എന്‍. ഐ.ടി. വിസിറ്റിംഗ് പ്രൊഫസറും ആദി ശങ്കര കോളേജ് സീനിയര്‍ അസോ. ഡയറക്ടറുമായ ഡോ. ജേക്കബ് ജോര്‍ജ് അധ്യക്ഷനാകും.

ഉച്ചയ്ക്ക് നടക്കുന്ന അന്തര്‍ദേശീയ പ്രഭാഷണം സ്വീഡന്‍ സ്റ്റോക്‌ഹോം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. തോമസ് ഹാന്‍ നടത്തും.

തുടര്‍ന്ന് ആലപ്പുഴ കേന്ദ്രമാക്കിയുള്ള നീല സാമ്പത്തിക വ്യവസ്ഥ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍ കെ., ഓള്‍ കേരള ഹൗസ് ബോട്ട് ഓണെഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് വി., ഓള്‍ കേരള ഹൗസ് ബോട്ട് ഓണെഴ്സ് ഫെഡറേഷന്‍

പ്രസിഡന്റ് വേണുഗോപാല്‍ ജി., കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം പ്രസിഡന്റ് എം.പി. ശിവദത്തന്‍ എന്നിവര്‍ പങ്കെടുക്കും. പ്രൊഫ. ഡോ. ഉമ്മന്‍ മാമ്മന്‍ മോഡറേറ്ററായിരിക്കും.

പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നൂതന ആശയ അവതരണ മത്സരത്തില്‍ കേരളത്തിലെ വിവിധ ഹയര്‍ സെക്കണ്ടറി, ഡിഗ്രി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പതിനായിരം രൂപയുടെ സമ്മാനങ്ങള്‍ നൂതന ആശയം അവതരണത്തിന് ലഭിക്കും.

വൈകിട്ട് 3.30 മുതല്‍ നാല് സമാന്തര സാങ്കേതിക സെഷനുകള്‍ ഫിഷറീസ് , അക്വാകള്‍ച്ചര്‍, തീരദേശ സാംസ്‌കാരിക- ജീവിത രീതികള്‍,; ബ്ലൂ ടൂറിസം , സമുദ്ര വ്യവസായങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍, കാലാവസ്ഥ പഠനം, ഊര്‍ജ സംരക്ഷണം, പുനരുപയോഗം എന്നീ വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. ഡോ. സുരേഷ് കുമാര്‍, ഡോ. അന്‍വര്‍ അലി, ഡോ. മിറിയാം പോള്‍ ശ്രീറാം, ഡോ.. ലിംന മോള്‍ വി.പി., ഡോ.. രാധിക രാജശ്രീ എസ്.ആര്‍., ഡോ. ബിജു എം.കെ., ഡോ. ജി.ഡി. മാര്‍ട്ടിന്‍ എന്നീ ശാസ്ത്രജ്ഞരും അധ്യാപകരുമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രണ്ടാം ദിവസമായ സെപ്റ്റംബര്‍ 26 ന് രാവിലെ 9.30ന് കാനഡയിലെ ഗ്രീന്‍വര്‍ക്‌സ് സ്ഥാപകന്‍ ഡോ. സിദ് മേത്ത ”ഫ്രം ഓഷന്‍ ടു പ്ലേറ്റ് : റിവൈറ്റലൈസിങ് ഇന്‍ഡിജനസ് ക്യൂസിന്‍സ് ഫോര്‍ സസ്റ്റയ്‌നബിള്‍ കോസ്റ്റല്‍ ഇക്കണോമീസ് ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

”നോയിങ് ഔര്‍ ഓഷന്‍, ഷേപ്പിങ് ഔര്‍ ഫ്യൂച്ചര്‍ : ഓഷന്‍ ലിറ്ററസി ആസ് ദി ഫൗണ്ടേഷന്‍ ഓഫ് എ സസ്റ്റയ്‌നബിള്‍ ബ്ലൂ ഇക്കോണമി ‘ എന്ന വിഷയത്തില്‍ കൂള്‍ ഡൈവേഴ്സ് സ്ഥാപകനും കടല്‍ അറിവ് വിദഗ്ധനുമായ ശ്രീ ജാക്‌സണ്‍ പീറ്റര്‍ സംസാരിക്കും. പ്രൊഫ. (ഡോ.) പോളച്ചന്‍ കെ.ജെ. കൈതോട്ടുങ്കല്‍ അധ്യക്ഷനായിരിക്കും

തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. അശ്വതി എന്‍., ആലപ്പുഴ രൂപത വക്താവ് റവ. ഫാ. സേവ്യര്‍ കുടിയാംശ്ശേരി, ഫ്രഷ് ടു ഹോം സ്ഥാപകന്‍ ശ്രീ മാത്യു ജോസഫ്, പാം ഫൈബര്‍ മാനേജിങ് ഡയറക്ടര്‍ ശ്രീ ജോസ് പോള്‍ മാത്യു എന്നിവര്‍ പങ്കെടുക്കും. കൊച്ചി സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗം തലവന്‍ പ്രൊഫ. ഡോ. സാം തോമസ് മോഡറേറ്ററായിരിക്കും.

തുടര്‍ന്ന് ബ്ലൂ ഇക്കണോമി കൃഷി രീതികള്‍, ആയുര്‍വേദ ചികിത്സ ടൂറിസ്‌റ് സാധ്യതകള്‍, കുട്ടനാട് തനതു ഭക്ഷ്യരീതികള്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക മൂന്നു വര്‍ക്ക്ഷോപ്പുകള്‍ നടക്കും. വെറൈറ്റി ഫാര്‍മര്‍ ശ്രീ എസ്.പി. സുജിത്ത് സ്വാമിനികര്‍ത്തില്‍, ഡോ. എ. വിജയന്‍, ഷെഫ് ലൈജു ഇ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഓസ്‌ട്രേലിയയിലെ സീഫൂഡ് കണ്‍സ്യുമേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് സിഇഒ പ്രൊഫ. ഡോ. റോയ് ഡി. പാമര്‍ ”നാവിഗേറ്റിംഗ് ദി സീ ഓഫ് ഡിസംപ്ഷന്‍ : ഫുഡ് സേഫ്റ്റി, ഫ്രാഡ് , ആന്‍ഡ് ഇന്റഗ്രിറ്റി ഇന്‍ ദി ബ്ലൂ ഇക്കോണമി ‘ എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും.

തുടര്‍ന്ന് നടക്കുന്ന സാങ്കേതിക സെഷനുകളില്‍ വിവിധ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. സോണി അഗസ്റ്റിന്‍, ഡോ. ഇമേല്‍ഡ ജോസഫ്, ഡോ. സഫീന എം പി, ഡോ. അഫ്‌സല്‍ ഇ.എം., ഡോ. അഭിലാഷ് ശശിധരന്‍, എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ടൂറിസം, സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ പി. സി. വിഷ്ണുനാഥ് മുഖ്യാഥിതി ആകും. ആലപ്പുഴ എം എല്‍ എ ശ്രീ എ.ഡി. തോമസ് അധ്യക്ഷനാകും. നൈപുണ്യ കോളേജ് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അന്‍സില്‍ മൈപ്പാന്‍ സ്വാഗതം ആശംസിക്കും. ഡോ . അനു ജി.എസ്. ആലപ്പുഴ ബ്ലൂ ഇക്കോണമി വിഷന്‍ 2030 പ്രഖ്യാപനം അവതരിപ്പിക്കും. മികച്ച പ്രബന്ധങ്ങള്‍ക്കുള്ള ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും. സംഘടകാ സമിതി ജോയിന്റ് കണ്‍വീനര്‍ ഡോ. ജുനൈദ് കെ.സി. നന്ദി പറയും.

കേരളത്തിന്റെ നീല സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ അക്കാദമിക് ചര്‍ച്ചകളില്‍ മാത്രം ഒതുക്കാതെ നയരൂപീകരണം, വ്യവസായം, സംരംഭകത്വം, തൊഴില്‍, പ്രാദേശിക ഉപജീവനം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധിപ്പിക്കുന്ന വേദിയാകുകയാണ് വേമ്പനാട് ഡയലോഗ്‌സ്‌ന്റെ ലക്ഷ്യം. അലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ക്യാപിറ്റല്‍ ആയി വികസിപ്പിക്കുന്നതിനുള്ള വിഷന്‍ 2030 രൂപപ്പെടുത്തുന്നതിലേക്കുള്ള നിര്‍ണായക ആശയസംവാദത്തിനും സിമ്പോസിയം വഴിയൊരുക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തതും നാക് എ ഗ്രേഡും, എ.ഐ.സി.ടി.ഇ. അംഗീകാരവുമുള്ള സ്ഥാപനമാണ്.

കേരളത്തിന്റെ ജലസമ്പത്ത്, തീരദേശ പാരമ്പര്യം, മനുഷ്യവിഭവശേഷി, ശാസ്ത്ര-സാങ്കേതിക അറിവ് എന്നിവയെ ഏകോപിപ്പിച്ച് കൂടുതല്‍ സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ ബ്ലൂ ഇക്കോണമി സൃഷ്ടിക്കുന്നതിനുള്ള പുതിയ സംവാദങ്ങള്‍ക്ക് നൈപുണ്യയില്‍ തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments