ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ആദ്യ ആക്രമണം. വീടിന് നേരെ നടത്തിയ വെടിവെപ്പിൽ ലിങ്ജംഗൈ സിങ്സിത് എന്ന സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സെയ്നെ സിങ്സിത്, മകൻ എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെയും ജീവൻ രക്ഷിക്കാനായില്ല.രണ്ടാമത്തെ സംഭവം നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലാണ് ഉണ്ടായത്. സാധനങ്ങൾ കൊണ്ടുപോകുകയായിരുന്ന ഗ്രാമവാസികൾക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജൂലി ഗാംഗ്ടെ, തങ്വെൽ ഗാംഗ്ടെ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയെക്കൂടി കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.സംഭളിൽ മണിപ്പൂർ മുഖ്യമന്ത്രി യുൻഡം ഖേംചന്ദ് സിങ് ഉൾപ്പെടെയുള്ള പ്രമുഖർ അഗാധമായ ദുഃഖവും ശക്തമായ അപലപനവും രേഖപ്പെടുത്തി. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധനയും ശക്തമായ നടപടികളും പുരോഗമിക്കുകയാണ്.

