മലപ്പുറം: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു കാരണവശാലും പി.എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുന്നറിയിപ്പ് നൽകി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ സര്‍ക്കാര്‍ പി.എം ശ്രീ ഒപ്പിട്ടപ്പോള്‍ അതിനെ ഏറ്റവുമധികം എതിര്‍ത്തത് യൂത്ത് ലീഗ് ആയിരുന്നു. അതുകൊണ്ട് ഈ സര്‍ക്കാറിന്റെ കാലത്ത് പി.എം ശ്രീ വരരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.യൂത്ത് ലീഗ് മലപ്പുറം ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയല്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് എതിരാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ജനവികാരത്തിന് എതിരായി സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ യൂത്ത് ലീഗ് അപ്പോള്‍ അഭിപ്രായം പറയും. ഉപസമിതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാല്‍ അത് യൂത്ത് ലീഗ് തുറന്നു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലിംലീഗില്‍ നിന്ന് നേരത്തെ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ള നേതാക്കള്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒപ്പിട്ട സാഹചര്യത്തില്‍ പിന്മാറ്റം സാധ്യമല്ലെന്നും കേന്ദ്ര സഹായം നഷ്ടമാകുമെന്നുമാണ് മുഖ്യന്ത്രി വി.ഡി. സതീശൻ യോഗത്തില്‍ അറിയിച്ചത്.എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും വിവാദമായ പി.എം ശ്രീയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പി.എം ശ്രീ സി.പി.എമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ജോൺസൺ എബ്രഹാം ചൂണ്ടിക്കാട്ടി. ജോൺസൺ എബ്രഹാമിന്റെ ഈ വാദത്തെ ഷാഫി പറമ്പിലും എം.പിയും ബെന്നി ബെഹനാനും എം.പിയും അജയ് തറയിലും പിന്തുണച്ചിരുന്നു.

