ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന് വെട്ടിമുറിക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അടിയന്തര റിപ്പോര്‍ട്ട് തേടി. സംസ്ഥാനവുമായി ചര്‍ച്ച നടത്താതെ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും മംഗളൂരു സെന്‍ട്രല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഇടപെട്ടതിനെത്തുടര്‍ന്നാണ് നടപടി
റെയില്‍വേ ഡിവിഷന് വിഭജനത്തില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മംഗളൂരു പോകുന്നതോടെ പാലക്കാട് ഡിവിഷന് 500-600 കോടിയുടെ ചരക്കു വരുമാനം കുറയും. വിഭജനം മലബാറിലെ ഭാവി റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്. മൈസൂരു ഡിവിഷന് സതേണ്‍ റെയില്‍വേയുടെ കീഴിലല്ല, സൈത്ത് വെസ്റ്റേണ്‍ റെയില്‍വേയിലാണ്. റെയില്‍വേ തീരുമാനം പുനഃപരിശോധിക്കാന്‍ സംസ്ഥാനത്തെ എംപിമാരുടെ സഹകരണത്തോടെ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞു.
അതിനിടെ പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉപവാസ സമരത്തിന്. യുഡിഎഫ് എംപിമാര്‍ 26 ന് തിരുവോണനാളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പാലക്കാട് ഡിവിഷന് ഓഫീസിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തും. യുഡിഎഫ് എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചത്. അടിയന്തര സ്വഭാവമല്ലാത്ത കാര്യമായിട്ടുപോലും കേരള സര്‍ക്കാരോ, കേരളത്തിലെ ജനപ്രതിനിധികളോ അറിയാതെയാണ് അര്‍ധരാത്രി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി

