ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ജോര്‍ജ് മെസി (68), റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്‌ബോള്‍ ജീവിതത്തില്‍ ഏറ്റവും വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു പിതാവ്. കരിയറിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം പിതാവിന്റെ സാന്നിധ്യവും ഉപദേശങ്ങളും മെസിക്കൊപ്പം ഉണ്ടായിരുന്നു.ദുഃഖകരമായ ഈ സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി മെസി തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് വെബ്സൈറ്റായ ഫൂട്ട് മെര്‍ക്കാറ്റോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താരം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്റര്‍ മയാമിയിലെ മത്സരങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മെസി പിന്മാറിരിക്കുകയാണ്.മുന്‍പ് ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ജോര്‍ജ് മെസി, പിന്നീട് മെസ്സിയുടെ ഏജന്റായും തന്ത്രപ്രധാനമായ ഉപദേശകനായും കൂടെനിന്നു. മെസി തന്റെ 13-ാം വയസ്സില്‍ ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയില്‍ ചേരാനായി സ്‌പെയിനിലേക്ക് താമസം മാറിയപ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് പിതാവായിരുന്നു. മെസിയുടെ വളര്‍ച്ചാ ഹോര്‍മോണ്‍ കുറവുകള്‍ പരിഹരിക്കുന്നതിനുള്ള ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിനും ജോര്‍ജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്

