തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നതില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ഫെയ്ബുക്ക് അക്കൗണ്ടിലെ വിശദീകരണത്തില്‍ പറയുന്നു.ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംപൂര്‍ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.നിലവില്‍ സഹകരണ സംഘങ്ങള്‍ മുഖേന വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോര്‍ട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകള്‍, അര്‍ഹതയില്ലാത്തവര്‍ക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര സര്‍ക്കാരിന്റെ ഡിബിടി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധനസഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി.എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 മുതല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ പെന്‍ഷന്‍ വീട്ടിലെത്തിച്ചിരുന്നു. ഇതിനാണ് മാറ്റംവരുത്തുന്നത്. ആകെ പെന്‍ഷന്‍ വാങ്ങുന്ന 52 ലക്ഷത്തോളം പേരില്‍ 23 ലക്ഷവും ഇങ്ങനെ നേരിട്ട് വാങ്ങുന്നവരാണ്. പുതിയ തീരുമാനം ഇവരില്‍ വലിയ ഭൂരിപക്ഷത്തെ ബാധിക്കും. കിടപ്പുരോഗികള്‍ക്കുപുറമേ അംഗപരിമിതര്‍ക്കും അവശരായവര്‍ക്കും ആശ്രയിക്കാന്‍ വിശ്വസ്തരില്ലാത്തവര്‍ക്കും സമീപത്ത് ബാങ്കുകളോ എടിഎമ്മുകളോ ഇല്ലാത്തവര്‍ക്കുമെല്ലാം ഇത് പ്രയോജനപ്പെട്ടിരുന്നു.ഒരാള്‍ക്ക് പെന്‍ഷന്‍ എത്തിച്ചാല്‍ ഏജന്റിന് 25 രൂപയും സംഘത്തിന് അഞ്ചുരൂപയും സര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കിയിരുന്നു. 1625 സംഘങ്ങളിലെ അയ്യായിരത്തോളം ഏജന്റുമാരാണ് പെന്‍ഷന്‍ വിതരണംചെയ്തിരുന്നത്. ഇവര്‍ക്കും സംഘങ്ങള്‍ക്കും വരുമാനനഷ്ടമുണ്ടാകും. പെന്‍ഷന്‍ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിതരണം അക്കൗണ്ട് വഴിയാക്കുന്നത്

