Tuesday, July 28, 2026
No menu items!
Homeവാർത്തകൾപൊതുപരീക്ഷാ പരിഷ്കരണ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ ചർച്ചയ്ക്കെടുക്കും

പൊതുപരീക്ഷാ പരിഷ്കരണ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ ചർച്ചയ്ക്കെടുക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പൊതുപരീക്ഷാ പരിഷ്കരണ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ ചർച്ചയ്ക്കെടുക്കും. ബിൽ പാസാക്കുന്നതിൽ സഹകരിക്കാമെന്ന് പ്രതിപക്ഷം സമ്മതിച്ചിട്ടുണ്ടെങ്കിലും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്.

അതിനിടെ, വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ സഭയിൽ അവതരിപ്പിച്ച പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചർച്ചകൾ നടത്താൻ സാധിച്ചിരുന്നില്ല. സ്പീക്കറുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ സമവായ ചർച്ചകൾക്കൊടുവിലാണ് ബില്ലിന്റെ മേലുള്ള ചർച്ചയിൽ പങ്കാളികളാകാൻ പ്രതിപക്ഷം സമ്മതിച്ചത്. പരീക്ഷാ തട്ടിപ്പുകൾ തടയുന്ന ഈ നിയമനിർമാണ പ്രക്രിയയിൽ സഹകരിക്കുമെങ്കിലും വിദ്യാർഥി പ്രക്ഷോഭ വിഷയത്തിലെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്.

ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ച സംഭവം പാർലമെന്റിൽ പൂർണ സ്തംഭനത്തിനാണ് വഴിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിഷയത്തിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിന്റെ മൗനം തുടരുകയാണ്. ലാത്തിച്ചാർജിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രി ഒളിച്ചോടുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി ചൂണ്ടിക്കാട്ടുന്നത്.

ജന്തർ മന്തറിലെ ലാത്തിച്ചാർജിനെതിരായ ഹരജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ഒന്നാം നമ്പർ കോടതിയിൽ പരിഗണിക്കും. രണ്ട് തരം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജിൽ നടപടി ആവശ്യമുള്ള ഹരജികൾക്ക് പുറമെ, പ്രക്ഷോഭത്തിൽ പരിക്കേറ്റ സേനാംഗങ്ങളുടെ കുടുംബങ്ങൾ നീതി തേടി സമർപ്പിച്ച ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാർഥികൾക്ക് അവകാശമുണ്ടെന്ന് കേസ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.പ്രക്ഷോഭം ഉണ്ടെന്നു കരുതി അമിതാധികാരം ഉപയോഗിക്കാനാവില്ലെന്നും പൊലീസ് അമിതാധികാരം ഉപയോഗിച്ചെങ്കിൽ അത് സ്വതന്ത്രമായി പരിശോധിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസ് നിയന്ത്രണത്തിന് ഒരു ഏകീകൃത പ്രോട്ടോകോൾ അനിവാര്യമാണ്. ബിഹാറിൽ വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ എകെ 47 പോലും നിയമവിരുദ്ധമായി ഉപയോഗിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കാൻ ഹരജിക്കാർ ശ്രമിച്ചെങ്കിലും ആദ്യം അത് കാണാൻ കൂട്ടാക്കാതിരുന്ന ചീഫ് ജസ്റ്റിസാണ് പിന്നീട് പൊലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് സ്വയം അച്ചടക്കം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഇതിനിടെ, പ്രക്ഷോഭ രംഗത്തുള്ള സിജെപിക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം കൈമാറേണ്ട അവസാന തീയതിയും ഇന്നാണ്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സിജെപി നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments