ബംഗളൂരു: പെണ്‍മക്കളെ അനധികൃതമായി പി എസ് സി ലിസ്റ്റില്‍ തിരുകിക്കയറ്റിയ സംഭവത്തില്‍ പി എസ് സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക പി എസ് സി ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സഹുകറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടാന്‍ രാഷ്ട്രപതിയോട് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്കുള്ള ലിസ്റ്റിലാണ് ഇദ്ദേഹം മക്കളെ ഉള്‍പ്പെടുത്തിയത്
മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറല്‍ വിഭാഗത്തിലുമാണ് ശിവശങ്കരപ്പ തിരുകിക്കയറ്റിയത്. സംവരണ ആനൂകൂല്യം ലഭിക്കാന്‍ വാര്‍ഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സുമ ഹാജരാക്കിയത് പിഎസ്സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
ഇതിനു പിന്നാലെ, പിഎസ്സി നിയമന ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് ചെയര്‍മാനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്

