Friday, June 26, 2026
No menu items!
Homeവാർത്തകൾമുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പന്‍ ജയം

മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പന്‍ ജയം

ന്യൂജഴ്‌സി: അടിക്ക് തിരിച്ചടി എന്ന നിലയില്‍ പുരോഗമിച്ച പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പന്‍ ജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തില്‍ 2-1നാണ് ഇക്വഡോര്‍ ജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു പുറത്താകുമായിരുന്ന നിലയില്‍ നിന്നു മൂന്നാം സ്ഥാനക്കാരെന്ന സാധ്യതയുമായി ഇക്വഡോർ നോക്കൗട്ട് സാധ്യത സജീവമാക്കി.അവസാന 32ൽ സീറ്റുറപ്പിച്ചാൽ 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. ചരിത്രത്തില്‍ രണ്ടാം തവണയുള്ള നേട്ടം. നേരത്തെ 2006ലാണ് അവര്‍ ആദ്യമായും അവസാനമായും നോക്കൗട്ട് കളിച്ചത്. 2002, 2006, 2014, 2022, 2026 വര്‍ഷങ്ങളിലാണ് അവര്‍ ഇതുവരെ ലോകകപ്പ് കളിച്ചത്.കളിയുടെ തുടക്കം മുതല്‍ ജര്‍മനി കടുത്ത ആക്രമണം തുടങ്ങി. അതിന്റെ ഫലം രണ്ട് മിനിറ്റ് തികയും മുന്‍പ് തന്നെ അവര്‍ക്ക് കിട്ടി. കൃത്യം പറഞ്ഞാല്‍ ഒരു മിനിറ്റും 49 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ലീഡെടുത്തു. അലക്‌സാണ്ടര്‍ പാവ്‌ലോവിചിലൂടെ പുരോഗമിച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. പാവ്‌ലോവിച് ബോക്‌സിനു പുറത്തു നിന്നു പന്ത് സ്വീകരിച്ച് ഫ്‌ളോറിയന്‍ വിയറ്റ്‌സിനു നല്‍കി. താരം ബോക്‌സില്‍ വച്ച് ലിറോയ് സനെയ്ക്ക് പന്ത് മറിച്ചു. സനെ മികച്ച രീതിയില്‍ പന്ത് വലയിലിട്ടു

ജര്‍മനിയുടെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ ലോകകപ്പ് ഗോളാണിത്. 1934ല്‍ ഓസ്ട്രിയക്കെതിരെ നടന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരിലാണ് അവര്‍ ഇതിലും വേഗതയില്‍ ഗോള്‍ നേടിയത്. അന്ന് കളി തുടങ്ങി 25 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ തന്നെ ജര്‍മനി ഏണസ്റ്റ് ലെഹ്നറിലൂടെ വല ചലിപ്പിച്ചിരുന്നു.

തുടക്കം തന്നെ ജര്‍മനി ഗോള്‍ നേടിയതോടെ ഇനി എത്രയെണ്ണം ഇക്വഡോര്‍ വലയില്‍ കയറുമെന്ന കണക്കുകൂട്ടലുകളുമായി നിന്ന ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് അതിവേഗം തന്നെ ഇക്വഡോറിന്റെ മറുപടി വന്നു. 9ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു പാസ് സ്വീകരിച്ച് നില്‍സന്‍ ആംഗുലോ തൊടുത്ത കിടിലന്‍ ഷോട്ട് ജര്‍മന്‍ മധ്യനിരക്കാരന്‍ പാവ്‌ലോവിചിനേയും ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിനേയും മറികടന്ന് വലയില്‍.

സമനില കിട്ടിയതോടെ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചു. അതിനൊപ്പം ജര്‍മന്‍ താരങ്ങളുടെ ഭാവനാശൂന്യതയും ഇക്വഡോറിനു തുണയായി. നിരവധി മിസ് പാസുകളാണ് ജര്‍മന്‍ താരങ്ങള്‍ നല്‍കിയത്. വേഗമില്ലായ്മയും അവരുടെ നീക്കങ്ങളെ അടിമുടി ബാധിച്ചു. ആക്രമണം കടുപ്പിച്ച് ഇക്വഡോര്‍ ജര്‍മന്‍ പോസ്റ്റിലേക്ക് കയറി ഇറങ്ങി.

ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളില്‍ ജര്‍മനി ലീഡെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇക്വഡോര്‍ പ്രതിരോധം കുലുങ്ങിയില്ല. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 1-1 എന്ന നില

രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടരുന്ന കാഴ്ചയായിരുന്നു. അതിനിടെ ഹവെര്‍ട്‌സിനെ ഇക്വഡോര്‍ താരം ജോയര്‍ ഓര്‍ഡോണെസ് ഫൗള്‍ ചെയ്തതിനു ജര്‍മനിക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടുന്നു. എന്നാല്‍ അതിനു മുന്‍പ് ലിറോയ് സനെ ഒരു ഇക്വഡോര്‍ താരത്തെ ഫൗള്‍ ചെയ്തിരുന്നു. വാര്‍ പരിശോധനയില്‍ ജര്‍മനിക്ക് പെനാല്‍റ്റിയും ഇക്വഡോറിനു ഫൗളിനുള്ള ഫ്രീകിക്കും അനുവദിച്ചില്ല.

73ാം മിനിറ്റില്‍ ലീഡ് നേടാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ ഇക്വഡോറിനു കിട്ടിയെങ്കിലും മുതലാക്കാനായില്ല. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അവസരം നഷ്ടമായത്. 77ാം മിനിറ്റില്‍ ഇക്വഡോര്‍ കാത്തിരുന്ന നിമിഷമെത്തി. കോര്‍ണറില്‍ നിന്നു കെവിന്‍ റോഡ്രിഗസ് നല്‍കിയ പാസ് മാനുവല്‍ നൂയര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോണ്‍സാലോ പ്ലാറ്റ വലയ്ക്ക് തൊട്ടരികില്‍ നിന്നു ഫ്‌ളിക്ക് ചെയ്ത് പന്ത് വലയിലിട്ട് ഇക്വഡോറിനു അവിശ്വസനീയ വിജയം സമ്മാനിച്ചു.

ജര്‍മനി സമനില പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ ഇക്വഡോര്‍ പ്രതിരോധ നിര എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ചു. നോക്കൗട്ട് സ്വപ്‌നങ്ങള്‍ കൈവിടാന്‍ ഒരുക്കമല്ലാതിരുന്ന ഇക്വഡോര്‍ അവിസ്മരണീയ പോരാട്ടവും ഗംഭീര വിജയവുമാണ് പിടിച്ചെടുത്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments