മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം. ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് മരണപ്പെട്ട റബേക്ക. സഹോദരി: റേച്ചൽ. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ 11ന് വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
നിർമ്മാണം പുരോഗമിക്കുന്ന മുംബൈ-ഡെൽഹി എക്സ്പ്രസ് വേയിൽ ബദ്ലാപൂരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കൺവേർട്ടിബിൾ മോഡൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേരും തൽക്ഷണം മരണപ്പെടുകയായിരുന്നു. അപകടം നടക്കുന്നതിന് മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണ് വാഹനത്തിന് കാണിക്കുന്നത്. അമിതവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂർണമായി തകർന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ ബദ്ലാപൂരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം. മുംബൈ– വഡോദര ഹൈവേയിൽ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ബദ്ലാപൂർ വെസ്റ്റിൽ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷമാണ് ഇവർ അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറിൽ റൈഡിനിറങ്ങിയത്. പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത, നിർമ്മാണം നടക്കുന്ന എക്സ്പ്രസ് വേയുടെ ഭാഗത്താണ് ഇവർ വണ്ടിയോടിച്ചത്. പത്ത് വരി പാതയായതിനാൽ കാർ പരമാവധി വേഗതയിൽ ഓടിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. അതിവേഗത്തിൽ പാഞ്ഞ കാർ റോഡിലെ സിമന്റ് ബാരിക്കേഡുകളോ ഡിവൈഡറോ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സെൻട്രൽ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു

