കൊച്ചി:അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങളാണ് ഇന്നലെ കൊച്ചിയിലുണ്ടായത്. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.
‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലിയാണ് വൻ തർക്കവും നാടകീയ രംഗങ്ങളും ഉണ്ടായത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം കലുഷിതമായത്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്

