തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടപടികളിൽ സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിയർവ്യൂ അഥവാ റിവേഴ്സ് ക്യാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ ഡ്രൈവിങ് ടെസ്റ്റിനിടെ വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്. റിയർവ്യൂ ക്യാമറയുടെ സഹായം സ്വീകരിക്കുന്നത് അനുവദിച്ചിരുന്നില്ല. എന്നാൽ ആധുനിക വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി റിവേഴ്സ് ക്യാമറകളും പാർക്കിംഗ് സെൻസറുകളും വ്യാപകമായി ഉപയോഗത്തിലായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.നിലവിൽ വിപണിയിൽ ലഭ്യമായ ഭൂരിഭാഗം പുതിയ വാഹനങ്ങളിലും കമ്പനി ഫിറ്റഡ് റിയർവ്യൂ ക്യാമറ സംവിധാനമുണ്ട്. വാഹന സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ പരിഗണിച്ച് ഡ്രൈവിങ് ടെസ്റ്റുകളും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ



