ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കുറച്ചു. സാധാരണ കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ പ്രതിവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളായിരുന്നു സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് ഇത് ഒമ്പത് സിലിണ്ടറുകളായി ചുരുക്കിയത്. ഇപ്പോൾ അത് വീണ്ടും നാലായി കുറച്ചിരിക്കുകയാണ്.പുതുക്കിയ സിലിണ്ടർ ക്വാട്ട ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാർഷിക ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ മൽ ഖനൂജ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പാചക വാതക ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾക്ക് താങ്ങാനാവുന്നതാക്കുന്നതിനുമായി 2022 മേയിലാണ് സിലിണ്ടറിന് 200 രൂപ സബ്സിഡി സർക്കാർ പ്രഖ്യാപിച്ചത്. ഇത് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുകയായിരുന്നു. തുടർന്ന് 2023 ഒക്ടോബറിൽ ഈ സബ്സിഡി 300 രൂപയായി ഉയർത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് ഘട്ടങ്ങളിലായി ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 89 രൂപ വർധിച്ചു. ജൂൺ ഏഴിലെ ഏറ്റവും പുതിയ വർധനവോടെ സിലിണ്ടർ വില 942 രൂപയായി ഉയർന്നിട്ടുണ്ട്. 300 രൂപ സബ്സിഡി കിഴിച്ചാൽ ഉജ്ജ്വല ഗുണഭോക്താക്കൾ ഇപ്പോൾ ഒരു സിലിണ്ടറിന് 642 രൂപയാണ് നൽകേണ്ടത്.ഒരു സിലിണ്ടർ വിതരണം ചെയ്യുന്നതിനായി സർക്കാരിന് ഏകദേശം 1600 രൂപ ചെലവ് വരുമ്പോൾ, സബ്സിഡിയിലൂടെ ഗുണഭോക്താക്കൾക്ക് ഏകദേശം 1000 രൂപയുടെ സഹായമാണ് ഫലത്തിൽ ലഭിക്കുന്നതെന്ന് ഖനൂജ ചൂണ്ടിക്കാട്ടി. ജൂൺ ഏഴിന് സിലിണ്ടറിന് വരുത്തിയ 29 രൂപയുടെ വർധനവ് ദിവസേന കണക്കാക്കിയാൽ ഒരു രൂപയുടെ വർധന മാത്രമാണെന്നും, അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഇത് പ്രതിദിനം 20 പൈസയുടെ മാത്രം അധികബാധ്യതയേ ഉണ്ടാക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പശ്ചിമേഷ്യൻ സംഘർഷങ്ങൾ മൂലം അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില കുത്തനെ ഉയർന്നിട്ടും ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പാചകവാതകം വാങ്ങുന്നതെന്ന് ഖനൂജ അവകാശപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള എൽപിജി വില വർധിച്ചതാണ് ആഭ്യന്തര സിലിണ്ടറിന്റെ വിതരണച്ചെലവ് 1,600 രൂപക്ക് മുകളിലാകാൻ കാരണം. ഇന്ത്യയുടെ എൽപിജി ഇറക്കുമതിച്ചെലവ് ആഗോള മാനദണ്ഡമായ സൗദി കോൺട്രാക്ട് പ്രൈസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ കാരണം ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ ഫെബ്രുവരിക്ക് ശേഷം ഈ വിലയിൽ 46% വർധനവുണ്ടായി. 2022 മുതൽ എൽപിജി സബ്സിഡിക്കായി സർക്കാർ 52,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വില വർധിപ്പിച്ചിട്ടും 14.2 കിലോഗ്രാം സിലിണ്ടർ വിൽക്കുമ്പോൾ എണ്ണ വിപണന കമ്പനികൾക്ക് ഇപ്പോഴും ഏകദേശം 700 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഖനൂജ പറഞ്ഞു.



