Monday, June 8, 2026
No menu items!
Homeവാർത്തകൾരാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റങ്ങൾക്ക് പിന്നാലെ, 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ

രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റങ്ങൾക്ക് പിന്നാലെ, ‘ഇന്ത്യ’ മുന്നണിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടികൾക്കും മുന്നണിക്കുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റങ്ങൾക്കും പിന്നാലെ, പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സിപിഎം ഉൾപ്പെടെ 23 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുന്ന യോഗത്തിൽ, ഘടകകക്ഷികളുടെ കടുത്ത അതൃപ്തി നേരിടേണ്ടി വരുന്നതിനാൽ കോൺഗ്രസ് നേതൃത്വം വലിയ പ്രതിരോധത്തിലാകാനാണ് സാധ്യത. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയുമായുള്ള സഖ്യം പിരിയാൻ കോൺഗ്രസ് എടുത്ത ഏകപക്ഷീയമായ തീരുമാനമാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ഡിഎംകെ ഇന്നത്തെ യോഗം പൂർണമായി ബഹിഷ്കരിക്കും. തമിഴ്‌നാട്ടിലെ ശക്തമായ സഖ്യകക്ഷി മുന്നണി വിട്ടത് ഇന്ത്യാ മുന്നണിയുടെ ദേശീയ തലത്തിലെ കരുത്തിനെ ബാധിക്കുമെന്ന ആശങ്ക മറ്റ് ഘടകകക്ഷികൾക്കുമുണ്ട്.കേരളത്തിൽ ബിജെപിയുമായി സിപിഎം ഡീൽ ഉറപ്പിച്ചു എന്ന തരത്തിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിലെ അതൃപ്തി സിപിഎം യോഗത്തിൽ പരസ്യമാക്കുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ രാഹുൽ ഗാന്ധിയുടെ പരാമർഷത്തിൽ സിപിഎം യോഗത്തിൽ വിശദീകരണം തേടും. പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡി നീക്കങ്ങളിൽ കോൺഗ്രസിന് ഇരട്ടതാപ്പെന്ന നിലപാടും സിപിഎമ്മിനുണ്ട്.ഇതിന് പുറമെ, രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുക്തി മോർച്ചയും കടുത്ത പ്രതിഷേധത്തിലാണ്. തങ്ങളോട് ആലോചിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പ് യോഗത്തിൽ ഉന്നയിക്കാനാണ് ജെഎംഎമ്മിന്റെ തീരുമാനം. ഘടകകക്ഷികളുടെ ഈ ഒത്തൊരുമയില്ലാത്ത നീക്കങ്ങളെ മറികടക്കാൻ കോൺഗ്രസിന് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും.പശ്ചിമ ബംഗാളിൽ ഭരണം നഷ്ടമായ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. അതേസമയം, തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഇന്ത്യാ മുന്നണിയുടെ ഭാഗമാകുമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തിൽ നിർണായക സൂചനകൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments