ചെറു തോണി: അതിമധുരം സമ്മാനിച്ച് ഫിലിപ്പിന്‍റെ തേനീച്ച കോളനിയെ തേടി സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം. കുമളി അട്ടപ്പള്ളത്തെ വട്ടംതൊട്ടിയില്‍ ഫിലിപ്പ് മാത്യുവിനെ തേടിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച തേനീച്ച കർഷകനുള്ള അവാർഡ് എത്തിയത്.
കുമളിയില്‍ 10 തേനീച്ചപ്പെട്ടികളുമായി തുടങ്ങിയ ഫിലിപ്പിന്‍റെ തേനീച്ച കോളനി ഇപ്പോള്‍ 7000ലധികം പെട്ടികളിലേക്ക് വളർന്നു. മൂന്ന് പതിറ്റാണ്ട് മുമ്ബ് കോട്ടയം അയർക്കുന്നം മറ്റക്കരയില്‍നിന്ന് കുമളിയിലെത്തിയതാണ് ഫിലിപ്പും കുടുംബവും. കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ച് ഫിലിപ്പും കുടുംബവും തേൻ ശേഖരിച്ച് വിപണിയിലെത്തിക്കുന്നു. വീടിന്‍റെ പരിസരത്ത് മാത്രം 500ഓളം പെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. ആന ഉള്‍പ്പെടെ വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് തടയാൻ തേനീച്ചകള്‍ ഫലപ്രദമാണെന്ന് കണ്ടതോടെ കണ്ണൂർ ആറളം ഫാമില്‍ 2000 പെട്ടികള്‍ സ്ഥാപിച്ചതായി ഫിലിപ്പ് പറയുന്നു.
സീസണില്‍ ഒരു പെട്ടിയില്‍നിന്ന് 20 കിലോ വരെ തേൻ ലഭിക്കും. വർഷത്തില്‍ 60 ടണ്ണോളം തേനാണ് ‘നാച്വറല്‍ ഹണി ബീ’ എന്ന സ്ഥാപനത്തിലൂടെ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നത്. ഫിലിപ്പിനെ ജോലിയില്‍ സഹായിക്കാൻ ഭാര്യ ജയയും മകൻ ടോം, മരുമകള്‍ മരിയ എന്നിവരും സജീവമായുണ്ട്. തേക്കടി കാണാനെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ അട്ടപ്പള്ളത്തെ ഫിലിപ്പിന്‍റെ ഫാമിലെത്തി തേനീച്ച വിശേഷങ്ങള്‍ കണ്ടറിഞ്ഞും തേൻ മധുരം തൊട്ടറിഞ്ഞുമാണ് കുമളിയില്‍നിന്നും മടങ്ങുന്നത്. ദേശീയ അവാർഡിന് പുറമെ മുമ്ബ് 14 തവണ ഫിലിപ്പിനെ തേടി സംസ്ഥാന അവാർഡും എത്തിയിട്ടുണ്ട്.



