Thursday, June 4, 2026
No menu items!
Homeവാർത്തകൾഅമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ - ലബനാൻ വെടിനിർത്തൽ

അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ – ലബനാൻ വെടിനിർത്തൽ

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലും ലബനാനും തമ്മിൽ നിലനിന്നിരുന്ന രൂക്ഷമായ സൈനികാക്രമണങ്ങൾക്ക് താൽക്കാലിക ശമനം. ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ നടപ്പാക്കാൻ സമ്മതിച്ചതായി ഔദ്യോഗികമായി അറിയിച്ചു. വാഷിങ്ടണിൽ വെച്ച് നടന്ന നിർണായക ചർച്ചകൾക്കൊടുവിലാണ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക തീരുമാനം ഉണ്ടായത്.ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്. കൂടാതെ, തെക്കൻ ലിതാനി മേഖലയിൽ നിന്ന് തങ്ങളുടെ മുഴുവൻ സായുധരെയും ഹിസ്ബുല്ല പിൻവലിക്കണമെന്നും അമേരിക്കയുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ട്.അമേരിക്കയുടെ മേൽനോട്ടത്തിൽ ഇരുരാജ്യങ്ങളും സംയുക്തമായി പൈലറ്റ് സോണുകൾ രൂപീകരിക്കും. ഈ മേഖലകളുടെ പൂർണ്ണമായ നിയന്ത്രണം ലബനാൻ സൈന്യത്തിന് മാത്രമായിരിക്കും. മറ്റ് സായുധ സംഘടനകൾക്കൊന്നും തന്നെ ഇവിടെ പ്രവേശനമുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.അതേസമയം, കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും അതിർത്തിയിൽ സംഘർഷം നിലനിന്നിരുന്നു. തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും ബൈറൂത്തിന് തെക്കുള്ള ഒരു വാഹനം ലക്ഷ്യമിട്ട് ആക്രമണം നടക്കുകയും ചെയ്തതായി ലബനാൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഹിസ്ബുല്ല തൊടുത്തുവിട്ട ഡ്രോൺ തങ്ങൾ തകർത്തതായി ഇസ്രായേലും അവകാശപ്പെട്ടു.തിങ്കളാഴ്ച അമേരിക്കയുടെ മധ്യസ്ഥതയിൽ ഉണ്ടായ പ്രാഥമിക ധാരണയെ തുടർന്നാണ് ബൈറൂത്തിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറിയതും, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഹിസ്ബുല്ല നിർത്തിവെച്ചതും. കഴിഞ്ഞ മാർച്ചിലാണ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ ലബനാനിലേക്ക് സൈനിക അധിനിവേശം നടത്തിയത്.ലബനാനിലും വെടിനിർത്തൽ പ്രഖ്യാപിക്കാതെ അമേരിക്കയുമായും ഇസ്രായേലുമായും യാതൊരുവിധ സമാധാന കരാറിനുമില്ലെന്ന നിലപാടിലാണ് ഇറാൻ. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകളുമായി മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി ജൂൺ 22-ഓടെ കൂടുതൽ രാഷ്ട്രീയ-സുരക്ഷാ ചർച്ചകൾക്കായി ഇരുവിഭാഗവും വീണ്ടും യോഗം ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments