Sunday, May 24, 2026
No menu items!
Homeവാർത്തകൾപാറ്റ പാർട്ടിയുടെ വലിയ ജനസ്വീകാര്യത കേന്ദ്ര സർക്കാരിന് തലവേദന

പാറ്റ പാർട്ടിയുടെ വലിയ ജനസ്വീകാര്യത കേന്ദ്ര സർക്കാരിന് തലവേദന

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സമൂഹ മാധ്യമത്തിലെ ആക്ഷേപഹാസ്യം എന്നതിനപ്പുറം ജനകീയ രാഷ്ട്രീയ മുന്നേറ്റമായി വികസിക്കുന്നുവെന്ന് സൂചന. വിവിധ മേഖലകളിലെ ജനരോഷം പ്രകടിപ്പിക്കാൻ കോക്രോച്ച് ബാനർ ഉപയോഗിക്കുന്നത് ട്രെൻഡായി മാറിയതോടെയാണിത്. യമുന നദിയിലെ മലിനീകരണത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് ശനിയാഴ്ച സാമൂഹിക പ്രവർത്തകൻ ദീപക് ശർമ മധുര മുനിസിപ്പൽ കോർപറേഷനിൽ പ്രതിഷേധിക്കാനെത്തിയത് കോക്രോച്ച് മാതൃകയിലെ വസ്ത്രം ധരിച്ചാണ്.നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി സമൂഹ മാധ്യമ അക്കൗണ്ടിലൂടെ നടത്തിയ കാമ്പയിന് വൻ പിന്തുണയാണ് ലഭിച്ചത്. കർണാടകയിൽ ശനിയാഴ്ച സി.ജെ.പിയുടെ പേരിൽ മനുഷ്യ ച്ചങ്ങലക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതിനാൽ നടന്നില്ല. കോക്രോച്ച് ജനത പാർട്ടിക്ക് കീഴിൽ യുവാക്കളെ സംഘടിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. താൻ അത്ര ഗൗരവത്തിലല്ല കോക്രോച്ച് ജനത പാർട്ടിയെന്ന സമൂഹ മാധ്യമ അക്കൗണ്ട് തുടങ്ങിയതെന്നുപറഞ്ഞ സ്ഥാപകൻ അഭിജിത് ദീപ്കെ പാർട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. അഞ്ചുവർഷം മുമ്പ് മോദി സർക്കാറിനെതിരെ സംസാരിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ലെന്നും ഇപ്പോൾ കാലം മാറിയെന്നും ദീപ്കെ പറഞ്ഞു. വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടും ഇല്ലാതാക്കിയത് സർക്കാറിന്റെ ഏകാധിപത്യ മനോഭാവം കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ഭരണകൂടത്തെ വീഴ്ത്തിയ യുവജന രോഷത്തിന് സമാനമായി വികസിക്കുമോ എന്ന ആശങ്ക ബി.ജെ.പി സർക്കാറിനുണ്ട്. ദേശസുരക്ഷക്ക് ഭീഷണി എന്ന വാദമുയർത്തിയാണ് കോക്രോച്ച് ജനത പാർട്ടിക്കെതിരെ നടപടികൾ സ്വീകരിക്കുന്നത്. സമൂഹ മാധ്യമ അക്കൗണ്ടും വെബ്സൈറ്റും പൂട്ടിച്ചതും ഈ ന്യായവാദം ഉയർത്തിയാണ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും നരേന്ദ്ര മോദി സർക്കാറിനെ ലക്ഷ്യം വെക്കാനുമുള്ള വിദേശ ഗൂഢാലോചന എന്നാണ് കേരള ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോക്രോച്ച് പാർട്ടിയെ വിശേഷിപ്പിച്ചത്. ജോലിയില്ലാത്ത യുവാക്കളെ പാറ്റകളോട് (കോക്രോച്ച്) ഉപമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മടിയന്മാർക്കും തൊഴിലില്ലാത്തവർക്കും ഒത്തുചേരാനുള്ള ഇടമാണിതെന്ന മുഖവുരയോടെ യു.എസിലെ ബോസ്റ്റൺ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് വിദ്യാർഥി അഭിജീത് ദീപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചത്. പാർട്ടിയിൽ ചേരാൻ താൽപര്യമുള്ളവർക്കായി അദ്ദേഹം ഗൂഗ്ൾഫോം ലിങ്കും പങ്കുവെച്ചു. ദിവസങ്ങൾക്കകം ദശലക്ഷക്കണക്കിനാളുകൾ സമൂഹ മാധ്യമ അക്കൗണ്ട് ഫോളോ ചെയ്തു. അക്കൗണ്ട് പൂട്ടിച്ചപ്പോൾ പകരമുണ്ടാക്കിയ പുതിയ അക്കൗണ്ടും അതിവേഗം ആളെക്കൂട്ടി. ശശി തരൂർ, മഹുവ മൊയ്ത്ര എന്നീ എം.പിമാർ അടക്കം മുഖ്യധാര രാഷ്ട്രീയ നേതാക്കൾ കോക്രോച്ച് മൂവ്മെന്റിനെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ശനിയാഴ്ച കോക്രോച്ച് മുന്നേറ്റത്തെ പിന്തുണച്ച് രംഗത്തെത്തി. ഭരണകൂടം യുവാക്കളുടെ ശബ്ദം കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments